റായ്‌പൂർ: ഛത്തീസ്‌ഡഗിൽ മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. എൻഡിടിവിക്കുവേണ്ടിയടക്കം പ്രവർത്തിച്ചിരുന്ന സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിന്റെ (32) മൃതദേഹമാണ് കഴിഞ്ഞദിവസം കണ്ടത്തിയത്. മുകേഷിന്റെ അകന്ന ബന്ധുവും കോൺട്രാക്‌ടറുമായ സുരേഷ് ചന്ദ്രകർ ആണ് ഇന്നലെ രാത്രി ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായത്. മുകേഷിന്റെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിൽപ്പോയിരുന്നു.
ഹൈദരാബാദിലെ തന്റെ ഡ്രൈവറുടെ വസതിയിലാണ് സുരേഷ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം 200 സിസിടിവി ഫൂട്ടേജുകളും 300 മൊബൈൽ നമ്പറുകളുമാണ് പരിശോധിച്ചത്. നിലവിൽ സുരേഷിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ സുരേഷിന്റെ പേരിലുള്ള നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും അനധികൃതമായി പണിത നിർമിതി പൊളിക്കുകയും ചെയ്തിരുന്നു. സുരേഷിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഛത്തീസ്‌ഗഡിലെ ബാസ്റ്ററിൽ ഒരു കോൺട്രാക്‌ടറുടെ ഉടമസ്ഥതയിലുള്ള ഷെഡ്ഡിലെ സെപ്‌റ്റിക് ടാങ്കിനുള്ളിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുതുവത്സര ദിനത്തിൽ ബിജാപൂരിലെ വീട്ടിൽ നിന്ന് പുറത്തുപോയപ്പോഴായിരുന്നു മുകേഷിനെ അവസാനമായി കണ്ടത്. മുകേഷ് തിരികെയെത്താതായതോടെ സഹോദരൻ യുകേഷ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് അധികം ദൂരമില്ലാത്ത ഛത്തൻ പര ബസ്‌തിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കനമുള്ള വസ്തുകൊണ്ട് മുകേഷ് ആക്രമിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കയ്യിലെ ടാറ്റൂവിലൂടെയാണ് മൃതദേഹം മുകേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ മുകേഷിന്റെ ബന്ധുക്കളായ റിതേഷ് ചന്ദ്രകർ, ദിനേഷ് ചന്ദ്രകർ, മഹേന്ദ്ര രാംടെകെ എന്നിവർ നേരത്തെ ബിജാപൂരിൽ നിന്ന് അറസ്റ്റിലായിരുന്നു.
അത്താഴത്തിനിടെയുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ റിതേഷും മഹേന്ദ്രയും ചേർന്ന് മാദ്ധ്യമപ്രവർത്തകനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടർന്ന് ഇരുവരും ചേർന്ന് മൃതദഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചു. ദിനേഷിന്റെ നേതൃത്വത്തിൽ ടാങ്ക് സിമന്റിട്ട് മൂടുകയും ചെയ്തു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ സുരേഷ് ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |