തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി ഡോ.വി. നാരായണനെ നിയമിച്ചു. രണ്ടുവർഷത്തേക്കാണ് നിയമനം. 14ന് ചുമതലയേൽക്കും. ബഹിരാകാശ വകുപ്പ് സെക്രട്ടറി,പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്,സ്‌പേസ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കും.
ഇന്നലെ കേന്ദ്രസർക്കാരിന്റെ ഉന്നത നിയമനങ്ങൾക്കുള്ള പ്രത്യേക സമിതിയാണ് ഡോ.വി.നാരായണന്റെ പേര് നിർദ്ദേശിച്ചത്. സമിതി സെക്രട്ടറി മനീഷ സക്സേന രാത്രി ഉത്തരവ് പുറത്തിറക്കി. ഐ.എസ്.ആർ.ഒ ചെയർമാനായ ഡോ.എസ്. സോമനാഥിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയമനം. നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടറാണ്. നാഗർകോവിൽ സ്വദേശിയായ ഡോ.വി.നാരായണൻ 1984ലാണ് വി.എസ്.എസ്.സിയിൽ ചേരുന്നത്.
1989ൽ ഖരഗ് പൂർ ഐ.ഐ.ടി.യിൽ നിന്ന് സ്വർണ്ണമെഡലോടെ എം.ടെക് പാസായി. റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ദ്ധനായ അദ്ദേഹം ക്രയോ മാൻ എന്നാണ് അറിയപ്പെടുന്നത്. ജി.എസ്.എൽ.വി മാർക്ക് ത്രീ,ബഹിരാകാശ മനുഷ്യദൗത്യത്തിനുപയോഗിക്കാവുന്ന എൽ.വി.എം 3 റോക്കറ്റ് നിർമ്മാണം തുടങ്ങിയവയുടെ നിർമ്മാണത്തിൽ നേതൃത്വം വഹിച്ചു. ഏഴുവർഷമായി എൽ.പി.എസ്.സി.ഡയറക്ടറാണ്. ഭാര്യ: കവിതാരാജ്. മക്കൾ: ദിവ്യ,കലേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |