
തൃശൂർ: തൃശൂർ റെയിൽവേസ്റ്റേഷനിലെ പാർക്കിംഗ് ഷെഡിൽ 300 ബൈക്കുകളെ അഗ്നിക്കിരയാക്കിയത് റെയിൽവേ ഇലക്ട്രിക്കൽ ലൈനിലെ തീപ്പൊരിയെന്ന് സൂചന. ഇലക്ട്രിക്കൽ ലൈനിലെ തീപ്പൊരി ബൈക്കിന് മുകളിൽ വീണെന്നാണ് പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരി മല്ലികയുടെ മൊഴി. എന്നാൽ ഇക്കാര്യം റെയിൽവേ നിഷേധിച്ചു.
ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം. സ്റ്റേഷന്റെ പടിഞ്ഞാറേ ഗേറ്റിൽ മൂന്നാം പ്ലാറ്റ്ഫോമിനടുത്തുള്ള പാർക്കിംഗ് ഷെഡിലായിരുന്നു തീപിടിത്തം. ആർക്കും പരിക്കില്ല. കോടികളുടെ നഷ്ടമുണ്ടായെന്നാണ് നിഗമനം. പാർക്കിംഗ് ഷെഡിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിലെ കമ്പ്യൂട്ടറും കത്തിനശിച്ചു. ഒരു ഏക്കറിലാണ് ഇരുമ്പ് ഷീറ്റ് മേൽക്കൂരയുള്ള പാർക്കിംഗ് ഷെഡ് ഉണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷനിലേക്കും ഓട്ടോമാറ്റിക് സിഗ്നൽ യൂണിറ്റ് റൂമിലേക്കും തീപടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
പാസഞ്ചർ ട്രെയിനുകളാണ് മൂന്നമത്തെ പ്ലാറ്റ്ഫോമിൽ വരാറുള്ളത്. തീ പടർന്നതോടെ രണ്ടാം ട്രാക്കിലുണ്ടായിരുന്ന കണ്ണൂരിലേക്കുള്ള ട്രെയിൻ പിന്നിലേക്ക് നീക്കി. യാർഡിൽ അറ്റകുറ്റപ്പണിക്കായി നിറുത്തിയിട്ടിരുന്ന എൻജിൻ ഭാഗികമായി കത്തി.
ഒരു ജീവനക്കാരി മാത്രമാണ് പാർക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്നത്. പാർക്കിംഗ് ഫീസ് പിരിച്ചിരുന്ന ഇവർ തീപിടിത്തമുണ്ടായപ്പോൾ പുറത്തേക്കോടി. പ്ലാസ്റ്റിക് കവറിട്ട് മൂടിയ ബൈക്കിന് മുകളിലേക്ക് റെയിൽവേ ലൈനിൽ നിന്ന് തീപ്പൊരി വീണെന്നാണ് മല്ലിക പറയുന്നത്. നാട്ടുകാരും യാത്രക്കാരും ഓടിയെത്തുമ്പോഴേക്കും മറ്റ് ബൈക്കുകളിലേക്ക് തീപടർന്നു. തീയണക്കുന്നതിനുള്ള ഉപകരണങ്ങളൊന്നും പാർക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്നില്ല. തുടർന്ന് ഫയർ ഫോഴ്സെത്തിയാണ് അരമണിക്കൂറിനുള്ളിൽ തീയണച്ചത്.
ഓവർ ഹെഡ് ലൈനിൽ ഷോർട്ട് സർക്യൂട്ട് ?
ട്രെയിനുകൾക്ക് ഓടാനുള്ള വൈദ്യുതിയെത്തിക്കുന്ന ഓവർ ഹെഡ് ലൈൻ (ഓവർ ഹെഡ് എക്യുപ്‌മെന്റ്) സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ടാകും തീപ്പൊരിക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഓവർ ഹെഡ് ലൈനിൽ തീപിടിത്തമുണ്ടായിട്ടില്ലെന്നാണ് റെയിൽവേ സംഘത്തിന്റെ വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടുണ്ടാൽ വൈദ്യുതിപ്രവാഹം നിലയ്ക്കുമെന്ന് റെയിൽവേ പറയുന്നു. അട്ടിമറികളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊലീസും റെയിൽവേയും പറയുന്നു. അഡിഷണൽ എസ്.പിയുടെ നേതൃത്വത്തിൽ തൃശൂർ എ.സി.പി കെ.ജി. സുരേഷ്, നെടുപുഴ, വെസ്റ്റ് സി.ഐമാർ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് തീപിടിത്തം അന്വേഷിക്കുന്നത്
'റെയിൽവേ ലൈനിന്റെ മുകളിൽ നിന്ന് ബൈക്കിലേക്ക് തീ വീണു. ഷീറ്റിട്ട് മൂടിയ ബൈക്കിലാണ് തീ വീണത്. പെട്ടെന്ന് പുക ഉയർന്നു. വെള്ളം ഒഴിച്ചെങ്കിലും അണഞ്ഞില്ല. യാത്രക്കാരെ സഹായത്തിന് വിളിച്ചു. അപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ പുറത്തേക്ക് ഓടി. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികളുണ്ടാകുമായിരുന്നു''.
- മല്ലിക, പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരി
തീപിടിത്തം അന്വേഷണം നടത്തും: മന്ത്രി രാജൻ
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിലുണ്ടായ തീപിടിത്തം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി കെ. രാജൻ. പ്രാഥമിക റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. തുടർ അന്വേഷണങ്ങൾ ജില്ലാ കളക്ടർ ഏകോപിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കും. ഷെഡിന്റെ ഇരുമ്പ് ഷീറ്റുകൾ മുഴുവൻ ഉയർത്താൻ സ്വകാര്യ ക്രെയിൻ സർവീസുകളെ അടക്കം ഉപയോഗിക്കും. വിദഗ്ദ്ധ പരിശോധനയ്ക്ക് ഫോറൻസിക് വിദഗ്ദ്ധരെത്തുമെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
വിശദമായ അന്വേഷണം വേണം: ഗോവിന്ദൻ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പൊലീസും ഫയർഫോഴ്‌സും റെയിൽവേയും ചേർന്ന് സംയുക്ത പരിശോധന നടത്തി മറ്റെന്തെങ്കിലും അപകടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് നോക്കണം. വലിയ തീപിടിത്തമാണുണ്ടായത്. മേൽക്കൂരയ്ക്കുളളിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും സ്ഥലം സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.
ഇൻഷ്വറൻസുണ്ടെങ്കിൽ പണം കിട്ടും
വാഹനങ്ങളുടെ ഇൻഷ്വറൻസ് മാത്രമാണ് ഉടമകൾക്ക് ലഭിക്കുക. എന്നാൽ റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം കിട്ടില്ല. നടപടിക്രമം പൂർത്തിയാക്കി ഇൻഷ്വറൻസ് ലഭിക്കാനും മാസങ്ങളെടുക്കും. അഗ്‌നിക്കിരയായ വാഹനങ്ങളുടെ ഉടമകൾ പൊലീസിന് രേഖകൾ കൈമാറി. അതേസമയെ പാർക്കിംഗ് ഷെഡ് പ്രവർത്തിച്ചത് കോർപറേഷന്റെ അനുമതിയില്ലാതെയാണെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. റെയിൽവേക്ക് നോട്ടീസ് നൽകും. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ നഗരത്തിൽ എത്ര പാർക്കിംഗ് സെന്ററുകളുണ്ടെന്ന് പരശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |