□കേന്ദ്ര വിരുദ്ധ ഭാഗങ്ങൾ ഗവർണർ ഒഴിവാക്കുമോയെന്ന് ആകാംക്ഷ
തിരുവനന്തപുരം: പുതുവർഷത്തെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ ഗവർണർ സഭയിൽ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. 17നാണ് സഭ തുടങ്ങുന്നത്. കേന്ദ്രസർക്കാരിനെതിരേ നയപ്രഖ്യാപനത്തിലെ രൂക്ഷ വിമർശനങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിക്കുമോ എന്നതിവാണ് ആകാംക്ഷ. ഇന്നലെ ഗോവയിലേക്ക് പോയ ഗവർണർ 13ന് തിരിച്ചെത്തും.
വിവധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ സമാഹരിച്ച് അഡി. ചീഫ്സെക്രട്ടറി ഡോ. എ ജയതിലക് തയ്യാറാക്കിയ നയപ്രഖ്യാപന കരടിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
മന്ത്രിസഭാ ഉപസമിതി ഇനി ഇത് ക്രമപ്പെടുത്തിയ ശേഷം രാജ്ഭവനിലേക്ക് അനുമതിക്ക് അയയ്ക്കും.
കേരളത്തിന് സാമ്പത്തിക സഹായം നൽകുന്നതിലും വായ്പാ പരിധി ഉയർത്താൻ അനുവദിക്കാത്തതിലും അടക്കം കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗങ്ങൾ നയപ്രഖ്യാപനത്തിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ഖണ്ഡിക വായിച്ച് നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കിയിരുന്നു.
സാദ്ധ്യതകൾ
ഇങ്ങനെ
1)തനിക്ക് അതൃപ്തിയുള്ള ഭാഗം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നൊഴിവാക്കണമെന്ന് ഗവർണർക്ക് സർക്കാരിനോട് ആവശ്യപ്പെടാം.
2)നയപ്രഖ്യാപനത്തിൽ ഭേദഗതി വരുത്താൻ നിർദ്ദേശിക്കാം. ഒഴിവാക്കണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
3)വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാം. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനമെന്ന് കണക്കാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |