കണ്ണൂർ: വിനോദസഞ്ചാര മേഖലയിലെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ജില്ലയിൽ പരിശോധന കർശ്ശനമാക്കുന്നു. വലിച്ചെറിയൽ മുക്തവാരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഗുരുതര വീഴ്ച്ചകളാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയത്.വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളോട് ചേർന്ന് മലിനജലം ഒഴുക്കി വിടുന്നതും ഗാർബജ് ബാഗുകളിലും അല്ലാതെയും തരം തിരിക്കാതെ മാലിന്യം തള്ളിയതുമടക്കം നിരവധി നിയമലംഘനങ്ങളാണ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പൈതൽമല,ചെമ്പേരി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇത്തരം ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്ന് അധികൃതർ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിതടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്.
പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുവാനും ജീവിതനിലവാരം ഉയർത്താനുമുള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.
ജില്ലയിൽ
60 ടൂറിസം കേന്ദ്രങ്ങൾ
ഹരിതപദവി കിട്ടിയവ 8
മലിനപ്പെടുത്തുന്നത്
കുന്നിൻ ചെരുവിൽ വലിച്ചെറിയുക
നിരോധിത പ്ലാസ്റ്റിക് ഉപയോഗം
മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിക്കുക
അടുക്കളയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത്
ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രങ്ങൾ
ചാൽ ബീച്ച്(അഴീക്കോട്), പുല്ലൂപ്പിക്കടവ് (നാറാത്ത്), വയലപ്ര(ചെറുതാഴം), ജബ്ബാർക്കടവ്(പായം), പാലുചാച്ചിമല(കേളകം), പാലുകാച്ചിപ്പാറ(മാലൂർ), ഏലപ്പീടിക(കണിച്ചാർ), ഏഴരകുണ്ട് വെള്ളച്ചാട്ടം(എരുവേശി)
പദവി ലഭിക്കുന്നത് ഇങ്ങനെ
മാലിന്യ സംസ്കരണ സംവിധാനം
ശുദ്ധമായ കുടിവെള്ള ലഭ്യത
ജലസ്രോതസുകളുടെ സംരക്ഷണം
ഊർജ്ജ സംരക്ഷണ സംവിധാനം
കുടുംബശ്രീ കൂടെയുണ്ട്
വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനും ആരോഗ്യകരമായി നിലനിർത്തി അവയുടെ ഗുണനിലവാരം ഉയർത്തി കൊണ്ടുവരുന്നതിനുമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പ് ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിൻ നടപ്പിലാക്കി വരുന്നുണ്ട്. 14 ജില്ലകളിലായി നടപ്പിലാക്കിവരുന്ന പദ്ധതിയിൽ 645 കുടുംബശ്രീ ജീവനക്കാരാണ് പ്രവർത്തിക്കുന്നത്.ഇതിനായി വകുപ്പിൽ നിന്നും നിശ്ചിത തുകയും അനുവദിക്കുന്നുണ്ട്.
തുടർന്നു വരുന്ന ദിവസങ്ങളിലും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തിവരും.വീഴ്ച്ചകൾ കണ്ടെത്തിയാൽ പിഴ അടക്കമുള്ള കർശ്ശന നടപടികളിലേക്ക് കടക്കും.
പി .പി .അഷ്‌റഫ് ,എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |