കുട്ടനാട്: ദേശീയ യുവജനദിനത്തോടനുബന്ധിച്ച് ഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്നും നാളെയുമായി സംഘടിപ്പിച്ചിട്ടുള്ള വികസിത് ഭാരത് യംഗ് ലീഡർ പരിപാടിയിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും തിരഞ്ഞെടുക്കപ്പെട്ടതിന്റെ ത്രില്ലിലാണ് രാമങ്കരിയുടെ കൊച്ചുമിടുക്കിയും എൻജിനിയറിംഗ് വിദ്യാർത്ഥിനിയുമായ ജി.എ ദേവിക.
കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയും രാമങ്കരി അരയൻപറമ്പിൽ എ.പി. ജിജുവിന്റെയും എസ്. രശ്മിയുടെയും മകളായ ദേവിക, ദേശീയതലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധ രചനാമത്സരത്തിലും തിരുവനന്തപുരത്ത് നടന്ന പ്രബന്ധ അവതരണത്തിലും അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് സംസ്ഥാനത്ത് നിന്നുള്ള 38 അംഗ സംഘത്തിൽ ഇടം നേടിയത്.
കോളേജിലെ എൻ.എസ്.എസ് വോളന്റിയർ എന്ന നിലയിൽ പേരെടുത്ത ദേവിക, എസ്.എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ശേഷമാണ് എൻജിനിയറിംഗിന് ചേർന്നത്.
വികസിത് ഭാരത് യംഗ് ലീഡർ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ,
എസ്.എൻ.ഡി.പി യോഗം രാമങ്കരി 7ാം നമ്പർ ശാഖ കുമാരനാശാൻ കുടുംബയൂണിറ്റ് അംഗം കൂടിയായ ദേവികയെ തേടി നാടിന്റെ വിവിധ ഭാഗങ്ങളിലെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളിൽ നിന്ന് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ് തേടിയെത്തിക്കൊണ്ടിരിക്കുന്നത്.
കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉൾപ്പടെയുള്ള ഉന്നത നേതാക്കൾ ഡൽഹിയിലെ പരിപാടിയിൽ ദേവികയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകട്ടെ എന്ന് ആശംസിച്ചു. കുടുംബയൂണിറ്റ് പ്രസിഡന്റുകൂടിയാണ് പിതാവ് ജിജു. സഹോദരൻ ജി.എ മഹി, രാമങ്കരി എൻ. എസ്.എസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |