കാളികാവ്: വന്യമൃഗ ശല്യം കാരണം
മലയോരത്തെ കർഷകർ സ്വത്തിനും ജീവനും ഭീഷണി നേരിടുമ്പോഴും തോക്ക് ലൈസൻസ് പുതുക്കാതെ അധികൃതർ. കാലാവധി കഴിഞ്ഞതും പുതുക്കാൻ അപേക്ഷ നൽകിയതുമായ തോക്കുകളാണ് ലൈസൻസ് പുതുക്കി നൽകാത്തത്. കരുവാരക്കുണ്ട്, കാളികാവ്,ചോക്കാട് പഞ്ചായത്തുകളിലായി നൂറിലേറെ തോക്കുകളാണ് ലൈസൻസ് കിട്ടാതെ കിടക്കുന്നത്.
സുരക്ഷാ പ്രശ്നം പറഞ്ഞാണ് പൊലീസ് അപേക്ഷയിൽ നടപടി എടുക്കാത്തത്. മാവോയിസ്റ്റ് മേഖലയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ ദേശ വിരുദ്ധ ശക്തികളുടെ പക്കൽ തോക്കെത്തുമെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുടെ അംഗീകാരമുണ്ടെങ്കിലേ ലൈസൻസ് പുതുക്കലും പുതിയത് അനുവദിക്കലും നടക്കൂ.
വനാതിർത്തിയിൽ താമസിക്കുന്നവർക്ക് വന്യമൃഗങ്ങളിൽ നിന്ന് ജീവനു ഭീഷണി നേരിടുന്നുണ്ടെങ്കിൽ തോക്ക് ലൈസൻസിന് അർഹതയുണ്ട്.കഴിഞ്ഞ കുറെ കാലങ്ങളായി തോക്കു ലൈസൻസിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്.
സ്വത്തിനും ജീവനും ഭീഷണിയായ പന്നികളെ വെടിവച്ച് കൊല്ലാൻ നിയമം അനുവദിക്കുന്നെങ്കിലും തോക്ക് ലൈസൻസ് പുതുക്കാതെ വട്ടം കറക്കുകയാണെന്ന് കർഷകർ പറയുന്നു. പന്നിശല്യം കാരണം കർഷകർ കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. പന്നികളെ വെടിവയ്ക്കുന്നതിന് അതത് പഞ്ചായത്തുകളിലുള്ള എം പാനൽ ലിസ്റ്റിൽ പെട്ടവരുടെ ലൈസൻസും പുതുക്കി നൽകിയിട്ടില്ല. കടുവ ഭീഷണി നേരിടുന്ന ജില്ലയിലെ ഏറ്റവും വലിയ എസ്റ്റേറ്റായ പുല്ലങ്കോടിൽ പാരമ്പര്യമായി ഉപയോഗിക്കുന്ന മൂന്നു തോക്കുകൾ പുതുക്കാൻ അപേക്ഷ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു.ഇനിയും പുതുക്കി നൽകിയിട്ടില്ല .തോക്ക് ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് രണ്ടു മാസത്തിനുള്ളിൽ പുതുക്കി നൽകണമെന്ന് 2022 ആഗസ്റ്റിൽ ഹൈക്കോടതി ഉത്തരവുണ്ട്. എന്നിട്ടും ബന്ധപ്പെട്ടവർ വിഷയം പരിഗണിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പഞ്ചായത്തിനു കീഴിൽ മൂന്നോ നാലോ മാസത്തിലൊരിക്കൽ നടത്തുന്ന പന്നിവേട്ടയ്ക്ക് മറ്റു ജില്ലകളിൽ നിന്നുള്ള ഷൂട്ടർമാരെയാണ് കൊണ്ടു വരുന്നത്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നുണ്ട്. നാട്ടിൽ കൃഷിയും പന്നികളുടെ ഭീഷണികളിൽ നിന്നുമുള്ള മോചനവും അൽപ്പമെങ്കിലും സാദ്ധ്യമാകണമെങ്കിൽ സർക്കാർ ഉദാര സമീപനം സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |