വിഴിഞ്ഞം: കഴക്കൂട്ടം- മുക്കോല ബൈപ്പാസ് റോഡിൽ ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി ഡിവൈഡറുകളുടെ ഉയരം കൂട്ടുന്നു. 5 വർഷം മുമ്പാണ് കഴക്കൂട്ടം മുതൽ മുക്കോല വരെ റോഡ് ടാർചെയ്തത്. ഈ ഭാഗമാണ് വീണ്ടും ടാറിംഗ് നടത്തുന്നത്. നിലവിൽ മുക്കോല മുതൽ തിരുവല്ലം ടോൾപ്ലാസ വരെ ഡിവൈഡറിന്റെ ഉയരം കൂട്ടിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളും കാറുകളും നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. നിർമ്മാണത്തിന്റെ ഭാഗമായി റോഡിലെ മീഡിയനുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. റോഡിനിരുവശവും സർവീസ് റോഡിനോടു ചേർന്ന ഉയർന്ന ഭാഗങ്ങളിൽ ക്രാഷ് ഗാർഡുകൾ സ്ഥാപിച്ച് സുരക്ഷ വർദ്ധിപ്പിച്ചു.
തിരുവല്ലത്ത് പുതിയ പാലം..
അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി തിരുവല്ലത്ത് നിലവിലുള്ള പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ സർവീസ് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 18 മാസമാണ് നിർമ്മാണ കാലാവധി. 8 മീറ്റർ വീതിയിൽ 120 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തും 350 മീറ്റർ വീതിയിൽ സർവീസ് റോഡ് ഉണ്ടാകും. ഇവ ചരിച്ച് പാലത്തിൽ കയറുന്ന രീതിയിലാണ് നിർമ്മാണം.റോഡിന് ഒന്നരമീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും. ഇതോടെ പുതിയ പാലത്തിന് 5മീറ്റർ വീതി മാത്രമാണ് ഉണ്ടാവുക. വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ ആറിന് കുറുകെ സ്ഥാപിച്ചു. പാലത്തിനായുള്ള പൈലിംഗ് ജോലികൾ പൂർത്തിയാകുന്നു.
പുരാവസ്തുവകുപ്പിന്റെ തടസം
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിന് മുന്നിലെ 100 മീറ്റർ ചുറ്റളവിൽ നിർമ്മാണം നടത്തുന്നത് കേന്ദ്ര പുരാവസ്തു വകുപ്പ് തടഞ്ഞു. പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ അവരറിയാതെ പണികൾ നടത്താൻ പാടില്ലെന്നു കാണിച്ചാണ് നിർമ്മാണം തടസപ്പെടുത്തിയത്. ഇതോടെ കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്. ഇവിടെ നിർമ്മാണം നടത്തുന്നതിനുള്ള അനുമതിക്കായി എൻ.എച്ച്.എ പുരാവസ്തു വകുപ്പിന് അപേക്ഷ നൽകിയതായി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |