കൊച്ചി: സിനിമാരംഗത്തെ പീഡനങ്ങളും വിവേചനവും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ നിയമ നിർമ്മാണത്തിന് ലഭിക്കുന്നത് തണുപ്പൻ പ്രതികരണം. നിയമനിർമ്മാണത്തിൽ സർക്കാരിനെ സഹായിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻബെഞ്ച് ആവശ്യപ്പെട്ടെങ്കിലും രണ്ടു മാസമായിട്ടും അതിനു ആരും തയ്യാറാവുന്നില്ല.
സിനിമയിലെ,പ്രത്യേകിച്ച് ലൊക്കേഷനുകളിലെ സ്ത്രീ-പുരുഷ വിവേചനം,തൊഴിൽപരമായ പ്രശ്നങ്ങൾ,ലൈംഗികാതിക്രമങ്ങൾ,ആശാസ്യമല്ലാത്ത പ്രവണതകൾ എന്നിവ അവസാനിപ്പിച്ച് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. സിനിമാ-ടെലിവിഷൻ മേഖലയിൽ പുതിയ നിയമ നിർമ്മാണത്തിനായി നിയമ വകുപ്പുമായി ചർച്ചകൾ നടത്തിയെന്ന് സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള കരട് നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു നൽകാൻ കോടതി നവംബർ ഏഴിന് അമിക്കസ് ക്യൂറിയെയും നിയോഗിച്ചിരുന്നു.
അതേസമയം,സർക്കാർ സമർപ്പിച്ച മറ്റൊരു സത്യവാങ്മൂലം നിയമവൃത്തങ്ങളിൽ ആശയക്കുഴപ്പത്തിനിടയാക്കി. പരാതി പരിഹാരത്തിന് കേന്ദ്രനിയമപ്രകാരം ട്രൈബ്യൂണൽ രൂപീകരിക്കുമെന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരമൊരു ശുപാർശയുണ്ടായിരുന്നു. റിപ്പോർട്ട് പരിഗണിക്കുന്ന ഡിവിഷൻബെഞ്ചിന്റെ അടുത്ത സിറ്റിംഗ് 16നാണ്.
മാതൃകയാക്കാൻ
നിയമമില്ല
മാതൃകയാക്കാൻ ലോകത്തെവിടെയും ഇത്തരമൊരു നിയമില്ല. സമാനമായ പരാതികൾ പരിശോധിക്കാൻ പോഷ് ആക്ട് അടക്കമുള്ള നിയമങ്ങളുണ്ട്. കരുതലോടെ തയാറാക്കിയില്ലെങ്കിൽ പഴുതുകൾക്കും പ്രത്യാഘാതങ്ങൾക്കും ഇടയുണ്ടെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. സർഗസൃഷ്ടിയായ സിനിമയെ നിയമത്തിന്റെ ചട്ടക്കൂടിൽ ഒതുക്കുന്നത് വ്യവസായത്തിന് ഗുണം ചെയ്യില്ലെന്ന അഭിപ്രായവുമുണ്ട്.
പഴുതുകൾ
1. പരാതികളിൽ ഏറെയും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്. സിനിമയിലെത്തും മുമ്പേ പീഡിപ്പിക്കപ്പെടുന്നു. കാസ്റ്റിംഗ് കൗച്ച് നിയമ നിർമ്മാണത്തിന്റെ പരിധിയിൽ വരണം
2. കേരളാതിർത്തിക്ക് അപ്പുറത്തേക്ക് സിനിമാ നിർമ്മാണം മാറാൻ സാദ്ധ്യത. അവിടെയുണ്ടാകുന്ന പരാതികൾ അന്വേഷിക്കാനുള്ള പരിമിതി.
പ്രത്യാഘാതങ്ങൾ
1. ചിത്രീകരണം കേരളത്തിൽ നിന്ന് കൂടുമാറിയാൽ സാമ്പത്തിക രംഗത്തുണ്ടാകുന്ന തിരിച്ചടി.
2. നിയമം മൂലമുള്ള നിയന്ത്രണങ്ങൾ സ്ത്രീ കഥാപാത്രങ്ങളുടെ അവസരം കുറയ്ക്കുമെന്ന ആശങ്ക.
ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗിൽ എന്റേതായ കരട് നിർദ്ദേശങ്ങൾ സമർപ്പിക്കും. തുടർന്ന് അഭിപ്രായങ്ങൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെടും.
-അഡ്വ. മിത സുധീന്ദ്രൻ,അമിക്കസ് ക്യൂറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |