SignIn
Kerala Kaumudi Online
Friday, 14 March 2025 2.42 AM IST

വിവേകം മായ്ക്കുന്ന ലഹരിക്കെണി

Increase Font Size Decrease Font Size Print Page

a

ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് തിരുവനന്തപുരം വർക്കലയിൽ നടന്ന ഒരു കൊലപാതകം, മയക്കുമരുന്ന് ഉപയോഗം യുവാക്കളുടെ ചിന്താശേഷിയെപ്പോലും തകർക്കുമെന്നതിന് നേർസാക്ഷ്യമാണ്. തീരദേശ മേഖലയിൽ ഷെഡ് കെട്ടിയുള്ള യുവാക്കളുടെ ലഹരി ഉപയോഗം ചോദ്യ ചെയ്തതിനും, പൊലീസിൽ പരാതി നൽകിയതിനും പ്രദേശവാസിയായ ഷാജഹാൻ എന്ന അറുപതുകാരന്റെ ജീവനെടുക്കാനാണ് ഉന്മാദത്തിലായിരുന്ന യുവാക്കളുടെ അഞ്ചംഗസംഘം തീരുമാനിച്ചത്!

ക്രിസ്മസിനു തലേ രാത്രി സ്കൂട്ടറിൽ വരികയായിരുന്ന ഷാജഹാനെയും ബന്ധുവായ റഹ്മാനെയും സംഘം ആക്രമിച്ച് വീഴ്ത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഷാജഹാനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവങ്ങൾ വ്യത്യസ്തമെങ്കിലും,​ ഒരോ ദിവസവും സമാന സ്വഭാവമുള്ള നിരവധി കേസുകളാണ് പൊലീസിനു മുന്നിലെത്തുന്നത്.


പടപ്പക്കരയിലെ

കൊടുംക്രൂരത


പോയവർഷം നടന്ന ഇരട്ടക്കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് കൊല്ലം പടപ്പക്കര നിവാസികൾ ഇപ്പോഴും മുക്തരായിട്ടില്ല. പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന ദേഷ്യമായിരുന്നു പെറ്റമ്മയെയും മുത്തച്ഛനെയും കൊന്നുതള്ളാൻ ഇരുപത്തിയാറുകാരനായ മകൻ അഖിലിനെ പ്രേരിപ്പിച്ചത്. ഇതിന് വഴിമരുന്നിട്ടതാകട്ടെ ലഹരി ഉപയോഗവും. 2024 ഓഗസ്റ്റ് 16-ന് ഉച്ചയോടെയാണ് മുത്തച്ഛൻ ആന്റണി (77),​ അമ്മ പുഷ്പലത (55) എന്നിവരെ അഖിൽ ക്രൂരമായി കൊലപ്പെടുത്തിയത്. മുത്തച്ഛനെചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന്,​ ഹോം നഴ്‌സായ അമ്മയെ ഫോൺ ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി. ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് കുത്തി. തലയിണകൊണ്ട് മുഖത്ത് അമർത്തിപ്പിടിച്ച് മരണം ഉറപ്പാക്കി.

ഈ പാതകമത്രയും കഴിഞ്ഞ്,​ വൈകിട്ട് ആറുവരെ ടിവി കണ്ടിരുന്ന ശേഷമാണ് അഖിൽ നാടുവിട്ടത്. യാത്രയ്ക്ക് പണം കണ്ടെത്തിയതാകട്ടെ,​ അമ്മയുടെ മൊബൈൽ ഫോൺ വിറ്റും! തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലെത്തിയ അഖിൽ സ്വന്തം മൊബൈൽ ഫോണും വിറ്റു. അമ്മയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് 2000 രൂപ പിൻവലിച്ചശേഷം ശ്രീനഗറലേക്കു പോയി. അവിടെ പല വീടുകളിൽ ജോലിക്കാരനായി കൂടി. ശ്രീനഗറിൽനിന്ന് നേപ്പാളിലേക്കു കടക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കഴിഞ്ഞ ആഴ്ച അഖിൽ പൊലീസ് പിടിയിലായത്.

കൃത്യം നടന്ന് ഇരുപത് മണിക്കൂറുകൾക്കു ശേഷമാണ് പൊലീസീന് സംഭവത്തെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് അഞ്ചു സംഘങ്ങൾ രാജ്യം മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുമ്പും അമ്മയെ ആക്രമിച്ച ശേഷം പ്രതി നാടുവിട്ടുപോയിരുന്നു. അന്നു താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും അവിടെയെങ്ങും ഇയാൾ എത്തിയിരുന്നില്ല. അടുത്തിടെയാണ് അന്വേഷണ സംഘത്തിന് നിർണായകവിവരം ലഭിച്ചത്. തുടർന്ന്,​ ശ്രീനഗറിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പച്ചകുത്തിയ

കയ്യാൽ...

തൃശൂർ കിഴക്കേകോടാലി സ്വദേശി വിഷ്ണുവിന് അമ്മയെന്നാൽ ജീവനയായിരുന്നു. വലതു കൈയിൽ അമ്മയുടെ പേരും ഇയാൾ പച്ചകുത്തിയിരുന്നു. ലോറി ഡ്രൈവറായ വിഷ്ണുവിന്റെ ലഹരിമരുന്ന് ഉപയോഗം ജീവതത്തെയാകെ തടികംമറിച്ചു. അന്തർസംസ്ഥാന യാത്രയ്ക്കിടെ ഇയാൾ ലഹരിമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞു. വീടു വിറ്റപ്പോൾ കിട്ടിയ അഞ്ചു ലക്ഷം രൂപ അമ്മ ബാങ്കിലിട്ടിരുന്നു. ഇത് കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമായത്. തർക്കത്തിനിടെ വീടിന്റെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കു ശേഷം വിഷ്ണു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തെങ്കിലും പൊലീസ് ആദ്യം വിശ്വസിച്ചില്ല. സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അയൽവാസികൾ ഉൾപ്പെടെ വിവരമറിഞ്ഞത്.

കേസ് കൂടി;

നാലരിട്ടി!


സംസ്ഥാനത്ത് ലഹരിക്കേസുകളിൽ നാലിരട്ടി വർദ്ധനവുണ്ടായിട്ടുണ്ട്. ഒമ്പതു വർഷത്തെ പൊലീസ് കേസുകൾ ഇതു വ്യക്തമാക്കുന്നു. 2016- ൽ 5924 എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ,​ പോയവർഷം ഇത് 24,​854 ആയി. കൊവിഡ് കാലമായ 2020-21 കാലഘട്ടത്തിൽ കേസുകൾ കുത്തനെ താഴ്ന്നിരുന്നു. എന്നാൽ 2022-ൽ മൂന്നിരട്ടിയായി. പൊലീസും എക്‌സൈസും പരിശോധന വർദ്ധിപ്പിച്ചതാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ കാരണമെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് യുവതികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസുകളും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. എറണാകുളത്ത് രണ്ടു ദിവസത്തിനിടെ അഞ്ച് കേസുകളിലായി മൂന്ന് യുവതികളാണ് പിടിയിലായത്.

ലഹരിക്കേസിൽ പിടിയിലാകുന്ന യുവതീയുവാക്കളിൽ 50 ശതമാനം മാത്രമേ കൗൺസലിംഗിന് വിധേയരാകാറുള്ളൂ. മക്കൾ ആദ്യമായാണ് ഇത്തരം കേസിൽ അകപ്പെടുന്നതെന്നും,​ ഗുണദോഷിച്ച് നേർവഴിക്കു നടത്താമെന്നും ഉറപ്പുനൽകി മാതാപിതാക്കൾ കൗൺസലിംഗ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. വലിയ അളവിൽ ലഹരിയുമായി കുടുങ്ങുന്നവർക്ക് കൗൺസലിംഗ് നിർബന്ധമാണ്. ലഹരിമരുന്ന് ഉപയോഗത്തിൽ നിന്ന് പൂർണമായും മുക്തി നേടിയവർക്ക് എക്‌സൈസ് സ്വയം തൊഴിലിന് സഹായം നൽകുന്നുണ്ട്.

കമന്റുകൾ

........................

ലഹരിയുടെ ഉന്മാദത്തിൽ കൗമാരക്കാരും യുവാക്കളും കുറ്റകൃത്യങ്ങളിൽപ്പെടുന്നുവെന്നത് ഗൗരവത്തോടെ കാണുന്നു. ലഹരിക്കേസുകളിലും മറ്റും അകപ്പെടുന്നവരിൽ അധികവും പഠനം നിറുത്തി പോകുന്നവരാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തരക്കാരെ കണ്ടെത്തി നേർവഴിക്കു നയിക്കുവാൻ സാമൂഹ്യനീതി വകുപ്പ് ശ്രമിക്കും.

ആർ.ബിന്ദു
സാമൂഹ്യനീതി വകുപ്പ് മന്ത്രി

കൗമാരക്കാർക്ക് യഥേഷ്ടം മയക്കുമരുന്ന് ലഭിക്കുന്ന സാഹചര്യമുണ്ട്. അദ്ധ്യാപകർ, രക്ഷിതാക്കൾ, മത,​ രാക്ഷീയ നേതാക്കൾ എന്നിവരെല്ലാം ഇതിനെതിരെ രംഗത്തുവരണം. ബോധവത്കരണ ക്ലാസുകളല്ല,​ സമൂഹത്തിലേക്ക് ആഴത്തിൽ ഇറങ്ങണം. ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളിലേക്ക് എത്തിക്കണം.


ഡോ. എസ്.ഡി സിംഗ്
ലഹരി വിമുക്തി
ചികിത്സാ വിദഗ്ദ്ധൻ

TAGS: DRUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.