പത്തനംതിട്ട : പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പൊലീസ്. പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിവളപ്പിൽ വച്ചും കൂട്ട ബലാത്സംഗത്തിനിരയായെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞവർഷം ജനുവരിയിൽ രാത്രിയിൽ നാലുപേർ ചേർന്നാണ് ജനറൽ ആശുപത്രിയിൽ വച്ച് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നാല് സ്‌കൂൾ വിദ്യാർത്ഥികളടക്കം ഏഴുപേർ കൂടി പത്തനംതിട്ട പൊലിസിന്റെ പിടിയിലായി.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 20 പേരെ അറസ്റ്റുചെയ്തിരുന്നു പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറിൽ വച്ച് രണ്ടുപേർ പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. പീഡിപ്പിച്ചശേഷം ഇവർ വീടിനരികിൽ ഇറക്കിവിട്ടു. കഴിഞ്ഞവർഷം ജൂലായിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പ്രതികളിൽ പലരെയും പരിചയപ്പെട്ടത്. കുട്ടിയെ മറ്റ് പല സ്ഥലങ്ങളിലേക്കും വാഹനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതേസമയം കേസ് അന്വേഷിക്കാൻ ഡി.ഐ.ജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 അംഗസംഘത്തെ നിയോഗിച്ചു. പത്തനംതിട്ട പൊലീസ് ചീഫ് വി.ജി വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിതാ പൊലീസ് എസ്.എച്ച്.ഒമാർ എന്നിവർ സംഘത്തിലുണ്ടാകും. 14 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്. അഞ്ചുവർഷമായി നടന്ന പീഡനമായതിനാൽ പ്രതികളും പെൺകുട്ടിയുമായി നടന്ന മൊബൈൽ ഫോൺ സംഭാഷണത്തിലെ വിവരങ്ങൾശേഖരിക്കാൻ മൊബൈൽ കമ്പനികളെ സമീപിക്കേണ്ടിവരും. പീഡിപ്പിച്ച നാൽപ്പതോളം പേരുടെ നമ്പരുകളാണ് പെൺകുട്ടി പിതാവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ഡയറിയിലും നോട്ടുബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇവയും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |