കൊച്ചി: സിനഡ് തീരുമാനിക്കുകയും മാർപാപ്പ അംഗീകരിക്കുകയും ചെയ്‌ത ഏകീകൃത കുർബാന രീതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും വിയോജിപ്പുള്ള വൈദികരെയും വിശ്വാസികളെയും ചേർത്തുനിറുത്തി പരിഹാരമുണ്ടാക്കാൻ സിറോമലബാർ സഭ ശ്രമം തുടരും.
വൈദികർക്ക് സ്വീകാര്യനായ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയെ എറണാകുളം അതിരൂപതയുടെ ചുമതല ഏല്പിച്ചത് പ്രശ്നപരിഹാരത്തിന് വേഗത കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിറോമലബാർ സഭ നേരിടുന്ന വിശ്വാസപരവും ഭരണപരവുമായ വെല്ലുവിളിയാണ് എറണാകുളത്തെ കുർബാനത്തർക്കം. അതിരൂപതയുടെ ആസ്ഥാനം വൈദികർ കൈയടക്കുകയും പ്രതിഷേധങ്ങൾ തെരുവിൽ സംഘർഷമായി വളരുകയും ചെയ്‌ത സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യമാണെന്നാണ് ശനിയാഴ്‌ച സമാപിച്ച സിനഡ് വിലയിരുത്തിയത്.
സഭയുടെ ആസ്ഥാന അതിരൂപതയായ എറണാകുളത്തിന്റെ ഭരണച്ചുമതല മേജർ ആർച്ച് ബിഷപ്പിനാണ്. അതിരൂപതയുടെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് മൂന്നു വർഷം മുമ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അതിരൂപതാ ഭരണച്ചുമതല ഒഴിഞ്ഞിരുന്നു. അഡ്മിനിസ്ട്രേറ്ററായി തൃശൂർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ മാർപാപ്പ നിയോഗിച്ചു. ഒരു വർഷം മുമ്പ് അദ്ദേഹം ഒഴിഞ്ഞതോടെ ബിഷപ്പ് ബോസ്കോ പുത്തൂരിനെ നിയമിച്ചു. അദ്ദേഹം രാജി വച്ചതോടെയാണ് ഭരണച്ചുമതല ഏറ്റെടുക്കാൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ തീരുമാനിച്ചത്. ദൈനംദിന ചുമതലകൾ നിർവഹിക്കാൻ തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയെ അതിരൂപതാ വികാരിയായും നിയമിച്ചു. അതിരൂപതാ ആസ്ഥാനത്ത് ഇന്നലെ രാവിലെയെത്തി ഇരുവരും ചുമതല ഏറ്റെടുത്തു.
ഇളവ് നൽകില്ല
ഏകീകൃത കുർബാന അർപ്പിച്ചേ തീരൂവെന്ന നിലപാട് സഭ തുടരും. വൈദികരും വിശ്വാസികളും ഉന്നയിച്ച വിയോജിപ്പ് പരിഗണിച്ച് ഞായറാഴ്‌ചകളിൽ ഒരു ഏകീകൃത കുർബാനയെങ്കിലും ചൊല്ലണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കും. ഒരു കുർബാന പോലും ചൊല്ലാത്ത വൈദികർക്കെതിരെ നടപടി തുടരും. ക്രമേണ ഏകീകൃതരീതി പൂർണമായി നടപ്പാക്കും. 35ൽ 34 രൂപതകളും നടപ്പാക്കിയ ഏകീകൃതരീതിയിൽ ഒരിടത്ത് ഇളവ് നൽകേണ്ടെന്നാണ് തീരുമാനം.
പ്രതിഷേധിക്കുന്നവരെയും അനുകൂലിക്കുന്നവരെയും ചർച്ചയ്ക്ക് വിളിക്കും. സമരം അവസാനിപ്പിച്ച് ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവരും തയ്യാറാകണം.
-ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി
അതിരൂപതാ വികാരി
സംഘർഷം: ഒരാൾ അറസ്റ്റിൽ,
21 വൈദികർക്കെതിരെ കേസ്
പ്രത്യേക ലേഖകൻ
കൊച്ചി: സിറോമലബാർ സഭ എറണാകുളം അതിരൂപതാ ആസ്ഥാനത്ത് ശനിയാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്ത് വിട്ടയച്ചു. 21 വൈദികർ ഉൾപ്പെടെ ഇരുനൂറിലേറെ ആളുകൾക്കെതിരെ നാലു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 40 പേർക്കെതിരെയും റോഡ് ഉപരോധിച്ചതിന് 200 പേർക്കെതിരെയുമാണ് കേസ്.
വൈദികർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ നൂറുകണണക്കിന് വിശ്വാസികൾ അണിനിരന്നു.അങ്കമാലി കിടങ്ങൂർ കായിക്കര വീട്ടിൽ കെ.പി. ബേബിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.. പ്രതിഷേധ വേദിയിൽ നൂറോളം വൈദികർ അർപ്പിച്ച ജനാഭിമുഖ കുർബാനയ്ക്ക് ഫാ. വർഗീസ് ചെരപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.വൈദികരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |