കൊച്ചി: ജനാഭിമുഖ കുർബാന അർപ്പിക്കുന്ന ദേവാലയങ്ങളിൽ ഒരു ഏകീകൃത കുർബാന അർപ്പിക്കാമെന്ന വൈദികരുടെ നിർദ്ദേശം സിറോമലബാർസഭ അംഗീകരിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസത്തർക്കം അവസാനിക്കുന്നു. വൈദികരും ബിഷപ്പുമാരും തമ്മിൽ നടന്ന ചർച്ചയിലെ ധാരണപ്രകാരം മാർഗരേഖ സഭാനേതൃത്വം പുറത്തിറക്കി.
അതിരൂപതയിൽ സമാധാനാന്തരീക്ഷം സൃഷ്‌ടിക്കാനാണ് സിനഡ് തീരുമാനപ്രകാരം മാർഗരേഖ പുറപ്പെടുവിച്ചതെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി എന്നിവർ അറിയിച്ചു. ദുക്റാന തിരുനാളായ ജൂലായ് മൂന്നുമുതൽ മാർഗരേഖ പ്രാബല്യത്തിൽ വരും. നിലവിലെ അതിരൂപത ഭരണസമിതിയെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്‌ചകളിലും മറ്റു വിശേഷദിവസങ്ങളിലും ഒരു ഏകീകൃത കുർബാന അർപ്പിക്കണമെന്നതാണ് പ്രധാനനിർദ്ദേശം. ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കൂവെന്ന മുൻനിലപാടിൽ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായതാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിച്ചത്. ഇതുപ്രകാരം ഒരു കുർബാന മാത്രം അർപ്പിക്കുന്ന ദേവാലയങ്ങളിൽ ഒരു കുർബാന അധികമായോ ഒന്നിടവിട്ട ഞായറാഴ്‌ചയോ അർപ്പിക്കണം. ഒരു ഏകീകൃത കുർബാന അർപ്പിക്കുന്ന ദേവാലയങ്ങളിൽ നിലവിലെ ജനാഭിമുഖ കുർബാന തുടരാനും അനുമതി നൽകി.
നാലുവർഷമായ തർക്കം
വിവിധ രൂപതകളിൽ നിലനിന്നിരുന്ന ജനാഭിമുഖം, അൾത്താര അഭിമുഖം കുർബാനരീതികൾ സംയോജിപ്പിച്ച് 2021ൽ ഏകീകൃത കുർബാന സഭാസിനഡ് അംഗീകരിച്ചു. ഇത് സ്വീകാര്യമല്ലെന്ന് സഭാ ആസ്ഥാനമായ എറണാകുളം അതിരൂപതയിലെ വൈദികരും വിശ്വാസികളും നിലപാടെടുത്തതാണ് തർക്കവും സംഘർഷവും വർഷങ്ങൾ നീളാൻ കാരണമായത്.
വൈദികരുടെ ആവശ്യങ്ങൾകൂടി അംഗീകരിച്ച മാർഗരേഖ വിയോജിപ്പുകളുണ്ടെങ്കിലും സ്വീകരിക്കും. രൂക്ഷമായ ആരാധനാ പ്രതിസന്ധിക്ക് അയവുവരുത്തുന്ന നടപടിയാണിത്.
ഫാ. കുര്യാക്കോസ് മുണ്ടാടൻ
വൈദികസമിതി സെക്രട്ടറി
തത്വത്തിൽ അംഗീകരിച്ചും വിയോജിപ്പുകൾ നിലനിറുത്തിയും ഉപാധികളോടെ പിന്തുണ നൽകും. കുർബാനവിവാദം പ്രതിസന്ധികളുടെ ശാശ്വത പരിഹാരത്തിനുള്ള തുടക്കമാണ് മാർഗരേഖ.
ഷൈജു ആന്റണി
പ്രസിഡന്റ്
അൽമായ മുന്നേറ്റം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |