ഷിംല: വീട്ടിലെ വൈദ്യുതി ബില്ല് ആയിരം കടന്നാൽ പോലും നെറ്റി ചുളിക്കുന്നവരാണ് മിക്കവരും. എങ്കിൽ ഹിമാചൽ പ്രദേശിൽ അടുത്തിടെ നടന്ന ഒരു സംഭവം അറിഞ്ഞാൽ നിങ്ങൾ എന്ത് പറയും? ഹാമിർപൂരിലെ സംരംഭകയായ ലളിത ധിമാന് വൈദ്യുതി വകുപ്പ് അയച്ചത് 210 കോടിയുടെ ബില്ലാണ്. ഹമീർപൂരിലെ ഭോരഞ്ച് സബ് ഡിവിഷന് കീഴിലുള്ള ബെഹ്‌ദാവിൻ ജട്ടൻ ഗ്രാമത്തിലാണ് സംഭവം.
യുവതി കോൺക്രീറ്റ് കട്ട നിർമ്മാണം നടത്തുന്ന ചെറുകിട വ്യവസായി ആണ്. ബില്ലിലെ കൃത്യമായ തുക 210,42,08,405 രൂപയായിരുന്നു. 2500 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഇവരുടെ ബില്ല്. ഇതിലെ പൊരുത്തക്കേട് മനസിലാക്കിയ ഇവർ ഉടൻ തന്നെ വൈദ്യുതി ബോർഡ് ഓഫീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ബിൽ തുക വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ 4,047 രൂപയാക്കി പുതുക്കി നിശ്ചയിച്ചു.
സംഭവത്തിൽ വൈദ്യുതി വകുപ്പും പ്രതികരിച്ചു. സാങ്കേതിക പിഴവാണ് വലിയ ബില്ലിന് കാരണമായതെന്ന് ഭോരഞ്ച് ഇലക്ട്രിസിറ്റി ബോർഡ് എസ്ഡിഒ അനുരാഗ് ചന്ദേൽ വിശദീകരിച്ചു. പരാതി ലഭിച്ചയുടൻ, ബിൽ ശരിയാക്കി എന്നും, പുതുക്കിയ ബില്ലിൽ 836 യൂണിറ്റ് വൈദ്യുതി ഉപയോഗം കാണിച്ചിട്ടുണ്ടെന്നും അതിനനുസരിച്ചിട്ടുള്ള തുക മാത്രമാണ് ഇപ്പോൾ ഈടാക്കിയിട്ടുള്ളതൊന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകൾ പ്രതികരിച്ച് രംഗത്തെത്തി.വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണെന്നാണ് കൂടുതൽ പേരും വിമർശിച്ചത്. ഇത്തരം അനാസ്ഥകൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും പലരും കമന്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |