മലപ്പുറം: തേക്കിന്റെ നാടായ നിലമ്പൂരിൽ യു.ഡി.എഫിനാണ് വേരോട്ടമെങ്കിലും ഇടതു സ്വതന്ത്രൻ പി.വി. അൻവറിലൂടെ വീശിയടിച്ച കാറ്റിൽ രണ്ടു തവണ കടപുഴകിയ ചരിത്രവുമുണ്ട് നിലമ്പൂരിന്. 1987 മുതൽ 2016 വരെ 29 വർഷം ആര്യാടൻ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലത്തിൽ മുൻ കോൺഗ്രസുകാരനായ പി.വി.അൻവർ 2016ൽ മത്സരിച്ചപ്പോൾ അടിതെറ്റിയത് ആര്യാടന്റെ മകൻ ഷൗക്കത്തിനാണ്. 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അൻവർ വിജയിച്ചു. 2021ൽ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിനെ 2,700 വോട്ടിന് പരാജയപ്പെടുത്തി നിലമ്പൂരിലെ കരുത്തനായി. കാലുവാരലിൽ കോൺഗ്രസ് വോട്ടുകൾ ചോർന്നതാണ് അൻവറിന് രക്ഷയായത്.
അൻവറിന്റെ രാജിക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പ് ഉറപ്പായ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിത്വത്തിന് കോൺഗ്രസിൽ ചരടുവലി മുറുകും. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് എന്നിവരുടെ പേരുകൾക്കാണ് പ്രാമുഖ്യം. വി.എസ്.ജോയിയെ മത്സരിപ്പിച്ചാൽ വിജയം സുനിശ്ചിതമെന്നാണ് അൻവറിന്റെ അവകാശവാദം. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് ആദ്യം ഉടക്കിട്ടത് ആര്യാടൻ ഷൗക്കത്താണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വരെ ഇടപെട്ടാണ് ഷൗക്കത്തിനെ അനുനയിപ്പിച്ച് വി.വി. പ്രകാശിനെ മത്സരിപ്പിച്ചത്. ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റിന്റെ ചുമതല നൽകിയെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം നീക്കി. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയിൽ നിന്ന് എ ഗ്രൂപ്പുകാരെ കൂട്ടത്തോടെ വെട്ടിയതോടെ ഇടഞ്ഞ ഷൗക്കത്ത് കരുത്ത് തെളിയിക്കാൻ പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ വമ്പൻ റാലി നടത്തി. ഷൗക്കത്ത് ഇടതുപാളയത്തിലേക്ക് എത്തുമെന്ന അഭ്യൂഹം വരെ ഉയർന്നു. ആദ്യം ഷൗക്കത്ത് നിലപാട് വ്യക്തമാക്കട്ടെ എന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം.
ഈ സാഹചര്യത്തിൽ ഷൗക്കത്തിനെ തഴയുക എളുപ്പമല്ല. നിലമ്പൂർ നഗരസഭ മുൻ ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് ഷൗക്കത്ത്. കെ.സി വേണുഗോപാൽ പക്ഷക്കാരനാണ് വി.എസ്.ജോയി. നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് തലവേദനയാവുമെന്ന് ഉറപ്പ്.
സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം ആവർത്തിക്കാനാണ് സാദ്ധ്യത. കോൺഗ്രസ് പാരമ്പര്യമുള്ളവരെ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കുകയെന്ന പതിവ് തന്ത്രം. കോൺഗ്രസിലെ പോര് നിരീക്ഷിച്ച ശേഷമാവും സ്ഥാനാർത്ഥി പ്രഖ്യാപനം. അഞ്ച് പഞ്ചായത്തുകൾ യു.ഡി.എഫിന്റെയും രണ്ട് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും എൽ.ഡി.എഫിന്റെയും കൈവശമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |