ദോഹ: 15 മാസമായി യുദ്ധം തുടരുന്ന ഗാസയിൽ വെടിനിറുത്തൽ സാദ്ധ്യത തെളിയുന്നു. ഖത്തറിലെ ദോഹയിൽ നടന്ന വെടിനിറുത്തൽ, ബന്ദീ മോചന ചർച്ചയിൽ നിർണായക വഴിത്തിരിവുണ്ടായെന്നാണ് വിവരം.
വെടിനിറുത്തൽ കരാറിന്റെ അന്തിമ കരട് ഇസ്രയേലിനും ഹമാസിനും ഖത്തർ കൈമാറി. ഇരുപക്ഷവും ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും ചർച്ചയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് സൂചിപ്പിച്ചു.
ഘട്ടംഘട്ടമായി ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുന്നതും ബന്ദികളെ കൈമാറുന്നതും കരാറിൽ നിർദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസം മൊസാദ് തലവൻ അടക്കം ഉന്നത ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥർ ദോഹയിലെത്തി ഖത്തർ, ഈജിപ്റ്റ്, യു.എസ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.
20ന് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുമ്പ് വെടിനിറുത്തൽ നടപ്പാക്കാനാണ് മദ്ധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം. ട്രംപ് അയച്ച പ്രതിനിധിയും ചർച്ചകളിൽ പങ്കെടുത്തിരുന്നു. കരാർ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തി.
അതേസമയം, വെടിനിറുത്തൽ കരാറിനെതിരെ ഇസ്രയേൽ ധനമന്ത്രി ബെസാലൽ സ്‌മോട്രിച്ച് രംഗത്തെത്തി. കരാർ കീഴടങ്ങലാണെന്ന് വിമർശിച്ചു. സ്‌മോട്രിച്ചിനെതിരെ ബന്ദികളുടെ കുടുംബം രംഗത്തെത്തി.
അനുകൂലം
1. 20ന് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ വഷളാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്
2. ഉന്നത നേതാക്കൾ കൊല്ലപ്പെട്ടത് ഹമാസിന് തിരിച്ചടി. ബന്ദി മോചനം ആവശ്യപ്പെട്ട് നെതന്യാഹുവിന് മേൽ കടുത്ത സമ്മർദ്ദം
പ്രതികൂലം
1. ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ പൂർണമായും പിൻവലിച്ചാൽ ബന്ദികളെ മോചിപ്പിക്കാമെന്ന ഹമാസ് നിലപാട്
2. ഹമാസിനെ തകർക്കാതെയും ബന്ദികളെ വിട്ടുകിട്ടാതെയും യുദ്ധം അവസാനിപ്പിക്കില്ലെന്ന ഇസ്രയേലിന്റെ മറുപടി
മരണം 46,580
ഗാസയിൽ ഇന്നലെ ഇസ്രയേൽ ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 46,580
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |