തിരുവനന്തപുരം: എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമിയും സംയുക്തമായി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീത പ്രതിഭ പുരസ്‌കാരത്തിന് സംഗീതജ്ഞ എൻ.ജെ.നന്ദിനി അർഹയായി. ജി.ശ്രീറാമിനാണ് സംഗീതരത്നാ പുരസ്‌കാരം. എം.എസ്.സുബ്ബുലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
നടൻ വിജയരാഘവൻ ചലച്ചിത്ര രത്നാ പുരസ്‌കാരത്തിനും നടി സുരഭി ലക്ഷ്മി ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിനും അർഹരായി. സി.പി നായർ മെമ്മോറിയൽ എന്റോവ്മെന്റ് അവാർഡ് പബ്ലിക് റിലേഷൻസ് വകുപ്പ്സെക്രട്ടറി എസ്.ഹരികിഷോറിനും നാടകാചാര്യൻ ഒ.മാധവന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ നാടക പുരസ്‌കാരം പ്രമോദ് വെളിയനാടിനും ലഭിക്കും.
മാദ്ധ്യമ പുരസ്കാരം
സമഗ്ര സംഭാവനയ്ക്കുള്ള മാദ്ധ്യമ പുരസ്കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷിനും, ഏഷ്യാനെറ്റ് ന്യൂസ് അസി.എക്സിക്യുട്ടീവ് എഡിറ്റർ പി.ജി.സുരേഷ് കുമാറിനും നൽകും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ, കേരളാ യൂണിവേഴ്സിറ്റി മുൻ സി.ഡി.സി ഡയറക്ടർ ഡോ.എം.ജയപ്രകാശ്, തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
25ന് വൈകിട്ട് അഞ്ചിന് വർക്കല വർഷ മേഘ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്റി വി.എൻ.വാസവൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഫൗണ്ടേഷന്റെ വാർഷികാഘോഷം ഹൈക്കോടതി ജഡ്ജി എൻ.നഗരേഷും അവാർഡ്ദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീമും നിർവഹിക്കും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ഡയറക്ടർ ഡോ.എം.ജയപ്രകാശ്, ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |