ചെന്നെെ: നടി നയൻതാരയുടെ ഡോക്യുമെന്ററിക്കെതിരെ വീണ്ടും നോട്ടീസ്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 'ചന്ദ്രമുഖി' സിനിമയുടെ നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസാണ് നോട്ടീസ് അയച്ചത്. നയൻതാരയുടെ 'ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. രജനികാന്ത് നായകനായി 2005ൽ റിലീസ് ചെയ്ത ചിത്രമാണ് ചന്ദ്രമുഖി.
നേരത്തെ 'നാനും റൗഡി താൻ' ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകർപ്പവകാശ ലംഘനത്തിന് നടൻ ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിയിച്ചിരുന്നു. 'ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്ററിക്കായി 'നാനും റൗഡി താൻ' എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രംഗത്തെത്തിയിരുന്നു. ഇതോടെ കോളിവുഡിൽ ഇത് വലിയ വിവാദത്തിന് കാരണമായി. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി റിലീസ് ചെയ്തു. ഇതിന് പിന്നാലെ ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ നിർമ്മാണം ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയിൽ ആ സിനിമയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |