
ബ്രസൽസ്: ഇറാൻ-യു.എസ് സംഘർഷം ശക്തമാകുന്നതിനിടെ, ഇറാന്റെ കരുത്തുറ്റ സായുധ സേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡിനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇ.യു). ഡിസംബർ അവസാനം ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ ആറായിരത്തിലേറെ പേരെ കൊലപ്പെടുത്തിയെന്ന് കാട്ടിയാണ് നീക്കം.
ഇന്നലെ ബ്രസൽസിൽ ചേർന്ന ഇ.യു വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നിർണായക തീരുമാനത്തിലെത്തിയതെന്ന് ഇ.യു വിദേശനയ മേധാവി കാജാ കല്ലാസ് അറിയിച്ചു. ഇതോടെ ഇ.യുവിന്റെ പരിധിയിൽ വരുന്ന റെവല്യൂഷണറി ഗാർഡിന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഫണ്ടുകളും കണ്ടുകെട്ടും.
ഗാർഡിനെ ഇ.യു പൗരന്മാരോ കമ്പനികളോ സഹായിക്കാൻ പാടില്ല. ഗാർഡ് അംഗങ്ങൾക്ക് 27 ഇ.യു രാജ്യങ്ങളിൽ യാത്രാവിലക്കും ബാധകമായി. അൽ ക്വഇദ, ഐസിസ്, ഹമാസ് തുടങ്ങിയ ഗ്രൂപ്പുകളെ ഇ.യു നേരത്തെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അതേ സമയം, ഇറാൻ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനി, പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മൊവാഹേദി ആസാദ് എന്നിവർ അടക്കം 15 ഇറാനിയൻ ഉദ്യോഗസ്ഥർക്കും 6 സ്ഥാപനങ്ങൾക്കും ഇ.യു ഉപരോധം ചുമത്തുകയും ചെയ്തു. ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണ ഭീഷണി ആവർത്തിക്കുന്നതിനിടെയാണ് ഇ.യുവിന്റെ നീക്കം.
യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിൽ യു.എസിന്റെ വമ്പൻ നാവിക സന്നാഹം മിഡിൽ ഈസ്റ്റ് മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആണവ കരാറിലെത്താൻ ഇറാൻ യു.എസുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും മറിച്ചായാൽ ആക്രമിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
# നേരിടാൻ സജ്ജം: ഇറാൻ
ഏത് പ്രകോപനത്തെയും നേരിടാൻ രാജ്യത്തെ സായുധ സേനകൾ സജ്ജമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്. ട്രംപ് ഭീഷണി ആവർത്തിച്ച പിന്നാലെയാണ് പ്രതികരണം. ഇറാന്റെ തിരിച്ചടി ദ്രുതഗതിയിലും ശക്തവുമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നൽകി. അതേ സമയം, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുതിർന്ന ഇസ്രയേലി, സൗദി അറേബ്യൻ നയതന്ത്രജ്ഞർ യു.എസിലെത്തി. സംഘർഷം ലഘൂകരിക്കാൻ തുർക്കി മദ്ധ്യസ്ഥ ശ്രമങ്ങൾ തുടങ്ങി. അരാഗ്ചി ചർച്ചയ്ക്കായി ഇന്ന് തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെത്തും.
# റെവല്യൂഷണറി ഗാർഡ്
ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ 1979ൽ സ്ഥാപിക്കപ്പെട്ടു
ആർമി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമ്പോൾ റെവല്യൂഷണറി ഗാർഡിന് ഭരണഘടനാപരമായി നൽകിയിരിക്കുന്ന ചുമതല ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അഖണ്ഡത ഉറപ്പാക്കുക എന്നതാണ്
വിദേശ ഇടപെടൽ തടയുക, ആർമിയുടെ അട്ടിമറി നീക്കങ്ങൾ ഇല്ലാതാക്കുക, ഇസ്ലാമിക വിപ്ലവത്തിന്റെ പ്രത്യയ ശാസ്ത്രങ്ങൾക്കെതിരായ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുക തുടങ്ങിയവ ചുമതലകൾ
ബഹ്‌റൈൻ, സൗദി അറേബ്യ, സ്വീഡൻ, യു.എസ് എന്നിവർ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്
കര, വ്യോമ, നാവിക വിഭാഗങ്ങളിലായി 2,50,000ത്തിലേറെ അംഗങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |