തിരുവനന്തപുരം: സൈന്യത്തിന് യുദ്ധത്തിലടക്കം നിർണായകമാകുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ഡ്രോൺ ക്യാമറയുടെ സോഫ്റ്റ്‌വെയർ വികസിപ്പിച്ച സ്റ്റാർട്ടപ്പിന് കേന്ദ്ര അംഗീകാരം. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രോയിസ് ഇൻഫോടെക് എന്ന കമ്പനിയാണ് വളരെ അകലത്തിലുള്ള മുഖവും തിരിച്ചറിയുന്ന ഡ്രോൺ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. 500 മീറ്റർ ഉയരത്തിൽ പറക്കുമ്പോഴും ഭൂമിയിൽ നിൽക്കുന്നയാളിന്റെ മുഖം വ്യക്തമായി ഒപ്പിയെടുക്കാൻ ഈ ക്യാമറയ്ക്കാവും. നിലവിൽ ഇസ്രയേലിൽ നിന്നാണ് രാജ്യം ഇത്തരത്തിലുള്ള ഡ്രോണുകൾ വാങ്ങുന്നത്. അതിന് രണ്ടരക്കോടിയിലേറെ രൂപയാകും. ഇന്ത്യയിൽ ഇത് നിർമ്മിക്കാൻ 25 ലക്ഷം മതിയെന്ന് കമ്പനി സി.ഇ.ഒ കോഴിക്കോട് വടകര സ്വദേശി ജിതേഷ് പറഞ്ഞു.
സോഫ്റ്റ്‌വെയർ വികസനത്തിന് കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെ ടെലികോം ടെക്നോളജി വികസന ഫണ്ടിൽ നിന്ന് 1.15 കോടിയുടെ ഗ്രാന്റ് ലഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ മേഖലയിൽ ഒരു സ്റ്റാർട്ടപ്പിന് ഗ്രാന്റ് ലഭിക്കുന്നത്. ഡ്രോൺ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം ഭൂമിയിലേക്ക് എത്തിക്കാൻ വൈഫൈ ഹാലോ, 4ജി, 5ജി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ക്യാമറ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലാണിപ്പോൾ സ്റ്റാർട്ടപ്പ്. വിജയിച്ചാൽ അഞ്ചുകോടി വരെ ഗ്രാന്റ് ലഭിക്കും. ഗ്രാന്റിന് പുറമേ ക്യാമറ നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും മെന്റർഷിപ്പും ലഭിക്കും. ഡ്രോൺ പരീക്ഷണത്തിനുള്ള സ്ഥലവും സാഹചര്യവും ഒരുക്കിക്കൊടുക്കും. നന്ദകുമാർ, റെഗിൽ, അനുപം ഗുപ്ത എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ. 2018ലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.
ഒരുവർഷത്തിനകം പൂർത്തിയാകും
ഒരുവർഷത്തിനുള്ളിൽ ഡ്രോൺ പ്രവർത്തനസജ്ജമാക്കുമെന്നാണ് കേന്ദ്രവുമായുള്ള കരാർ. ക്യാമറ പരീക്ഷണത്തിനു ശേഷം ഡ്രോണിൽ ഘടിപ്പിക്കും. ഡ്രോണിന്റെയും ക്യാമറയുടെയും ആകെ ഭാരം 25 കിലോഗ്രാമിൽ താഴെയായിരിക്കും
പ്രത്യേകതകൾ
1. രണ്ടുകിലോമീറ്റർ വരെ ദൂരത്തുള്ള ആൾപ്പെരുമാറ്റം മനസിലാക്കാനാവും
2. കുറ്റവാളികളുടെ മുഖം, വാഹന നമ്പർ എന്നിവ കണ്ടെത്താൻ സഹായിക്കും
3. രാത്രിദൃശ്യങ്ങളും കൃത്യമായി പകർത്താനാവും
4. രക്ഷാപ്രവർത്തനങ്ങൾക്കും കാർഷികരംഗത്തും പ്രയോജനപ്പെടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |