ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിനിടെ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് കുരുക്ക് മുറുകുന്നു. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കേജ്‌രിവാൾ നാമനിർദ്ദേശപത്രിക സമർപ്പിച്ച ദിവസം തന്നെ അനുമതി നൽകിയത് ആം ആദ്മി പാർട്ടിയെയും പ്രതിരോധത്തിലാക്കി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയുണ്ട്. ഇ.ഡിയുടെ കത്ത് സഹിതം ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന സമർപ്പിച്ച ശുപാർശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇ.ഡി സമർപ്പിച്ച കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി സ്വീകരിച്ചിരുന്നു. ഇതിനെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി അനിവാര്യമാണെന്നും ആ വ്യവസ്ഥ ഇ.ഡിക്ക് ബാധകമാണെന്നും മറ്റൊരു കേസിൽ സുപ്രീംകോടതി കഴിഞ്ഞ നവംബറിൽ വിധിച്ചിരുന്നു. ആ സാഹചര്യത്തിൽ, പ്രോസിക്യൂഷൻ അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുകൂല ഉത്തരവ് നേടിയെടുത്ത ശേഷം വിചാരണനടപടികൾ വേഗത്തിലാക്കാനാണ് ഇ.ഡി നീക്കം.
പരിഹസിച്ച് കേജ്‌രിവാൾ
ഇത്തരത്തിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കേജ്‌രിവാൾ പരിഹസിച്ചു. ആം ആദ്മി സർക്കാരിനെ ജനം തൂത്തെറിയുമെന്ന് ബി.ജെ.പി തിരിച്ചടിച്ചു. അതേസമയം, കേന്ദ്രനടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്‌തു. 2000 കോടിയുടെ അഴിമതിയെന്ന് സി.എ.ജി റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ന്യൂഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിന്റെ എതിരാളിയായ കോൺഗ്രസിലെ സന്ദീപ് ദീക്ഷിത് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനാണ്.
നാമനിർദ്ദേശപത്രിക സമർപ്പിച്ചു
നാലാം തവണയും ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കേജ്‌രിവാൾ ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലും വാത്മീകി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഭാര്യ സുനിതയ്‌ക്കും പ്രവർത്തകർക്കുമൊപ്പം പദയാത്രയായാണ് കേജ്‌രിവാൾ എത്തിയത്. അധിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടിക്കല്ല, ജനങ്ങൾക്കായി പ്രവർത്തിക്കുന്ന പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് പത്രിക സമർപ്പിച്ച ശേഷം കേജ്‌രിവാൾ അഭ്യർത്ഥിച്ചു. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ, ജനങ്ങൾക്കായി പ്രത്യേക പദ്ധതികളോ ഇല്ലെന്നും ആരോപിച്ചു.
ഖാലിസ്ഥാൻ വധഭീഷണി
കേജ്‌രിവാളിന് ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. മൂന്നുപേരടങ്ങിയ കൊലയാളി സംഘം ഡൽഹിക്ക് തിരിച്ചുവെന്ന വിവരമാണ് രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുള്ളത്. പാക് ഐ.എസ്.ഐയാണ് പിന്നിലെന്ന് സംശയിക്കുന്നു. സൂചനകളുടെ അടിസ്ഥാനത്തിൽ കേജ്‌രിവാളിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഏജൻസികൾ അവലോകനം ചെയ്‌തു. ഇസഡ് പ്ലസ് സുരക്ഷയാണ് നിലവിലുള്ളത്. ഭീഷണി സംബന്ധിച്ച റിപ്പോർട്ടുകൾ മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ദൈവം രക്ഷിക്കുമെന്ന് കേജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |