ന്യൂഡൽഹി: മഹാകുംഭമേളയുടെ മൂന്നാം ദിനമായ ഇന്നലെയും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് തീർത്ഥാടകർ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി. തീരത്തു നിന്ന് വള്ളങ്ങളിൽ ത്രിവേണി സംഗമത്തിലേക്ക് എത്തിയ ഭക്തർ ഗംഗാദേവി സൂക്തങ്ങൾ ചൊല്ലി മുങ്ങിനിവർന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമാണ് ത്രിവേണി. തിങ്കളാഴ്ച തുടങ്ങിയ മഹാകുംഭമേളയിൽ ആദ്യ രണ്ടുദിവസങ്ങളിൽ മാത്രം എത്തിയത് അഞ്ചു കോടിയിലേറെ ഭക്തരാണ്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവും ഇന്നലെ പ്രയാഗ്‌രാജിലെത്തി. ഒരു ഭാരതീയന് കുംഭമേളയെ എങ്ങനെ അവഗണിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ഭൂമിയിലെ ഏറ്റവും വിപുലമായ പരിപാടിയാണ്. മോക്ഷപ്രാപ്‌തിക്കായി പ്രാർത്ഥിക്കാൻ ഇത്രയധികം ആളുകൾ എത്തുന്ന ഒരേയൊരു സ്ഥലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാകുംഭമേളയ്‌ക്ക് 10 രാഷ്ട്രങ്ങളിലെ 21 അംഗ സംഘവുമെത്തി. കേന്ദ്ര സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിജി, ഫിൻലൻഡ്, ഗുയാന, മലേഷ്യ, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡ്, ടൊബാഗൊ, യു.എ.ഇ രാജ്യങ്ങളുടെ പ്രതിനിധികൾ എത്തിയത്. ഇന്നലെ ടെന്റ് സിറ്റിയിൽ താമസിച്ച സംഘം, ഇന്ന് സംഗം ഘട്ടിൽ സ്‌നാനം ചെയ്യും.
ആശംസയുമായി
അമിതാഭ് ബച്ചൻ
പ്രയാഗ്‌രാജിൽ അമിതാഭ് ബച്ചൻ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, കുംഭമേളയ്‌ക്ക് ആശംസയർപ്പിച്ച് അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്‌തു. രൺബീർ കപൂർ - ആലിയ ഭട്ട് താരദമ്പതികൾ ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖരെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഗായകൻ ശങ്കർ മഹാദേവന്റെ സംഗീത പരിപാടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |