#തുടർ നടപടികളുമായി സർക്കാർ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ, കഞ്ചിക്കോട്ട് സ്വകാര്യ കമ്പനിയായ ഒയാസിസിന് ബ്രുവറി ഡിസ്റ്രിലറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷത്തിന് കനത്ത ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിസഭാ തീരുമാനത്തെ വിമർശിച്ച്
രംഗത്തെത്തി. സർക്കാരാവട്ടെ ഉറച്ച നിലപാടിലും.
2018-ൽ സംസ്ഥാനത്ത് നാല് ഡിസ്റ്റിലറികൾ തുടങ്ങാൻ സർക്കാർ അനുമതി നൽകിയെങ്കിലും പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പിൻവാങ്ങി. ഡിസ്റ്രിലറികൾ തുടങ്ങുന്നതിന്റെ വിവിധ വശങ്ങൾ പഠിക്കാൻ നിയോഗിച്ച നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്ത് വിട്ടില്ല. മാത്രമല്ല ,പുതുതായി ഡിസ്റ്രിലറികൾ തുടങ്ങുന്നതിനെതിരെ 1999-ൽ എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇപ്പോഴത്തെ മദ്യനയത്തിൽ ഡിസ്റ്രിലറികൾ അനുവദിക്കുന്നതിന് വിലക്കില്ല. പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടുമില്ല. അതിനാൽ ഡിസ്റ്രിലറിക്ക് അനുമതി നൽകുന്നതിൽ പിഴവില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഒരു സ്ഥാപനത്തിന് മാത്രമായി നൽകിയതാണ്പ്രതിപക്ഷം വടിയാക്കുന്നത്. അതീവ വരൾച്ചാസാദ്ധ്യതയുള്ള പാലക്കാട്ട് പ്രതിവർഷം അഞ്ച് കോടി ലിറ്റർ ഭൂഗർഭജലം ഉപയോഗിക്കേണ്ടി വരുന്ന പ്ലാന്റുകൾ സ്ഥാപിച്ച് ഡിസ്റ്റിലറി തുടങ്ങാൻ അനുമതി കൊടുക്കും മുമ്പ് പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നു.
സംസ്ഥാനത്തിന്
ഗുണം
ഒയാസിസ് സംരംഭം തുടങ്ങിയാൽ 1500 പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എഥനോളിന് പുറമെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, ബിയർ, വൈൻ തുടങ്ങിയവയാവും ഉത്പാദിപ്പിക്കുക. ധാന്യത്തിൽ നിന്നുള്ള എഥനോൾ
ഉത്പാദനമായതിനാൽ ഉപോത്പന്നമായി കാലിത്തീറ്റ നിർമ്മാണവും ഉണ്ടാവും. സംസ്ഥാനത്ത് വിവിധ കമ്പനികൾക്കായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മിക്കുന്ന 18 ബ്ളെൻഡിംഗ് ആൻഡ് ബോട്ടിലിംഗ് യൂണിറ്റുകളാണുള്ളത്. മദ്യ നിർമ്മാണത്തിന്റെ പ്രധാന അസംസ്കൃത വസ്തുവായ ഇ.എൻ.എ ഉത്പാദിപ്പിക്കുന്നില്ല. എക്സൈസ് കണക്ക് പ്രകാരം ഒരു വർഷം 9 കോടി ലിറ്റർ ഇ.എൻ.എയാണ് മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത്. ഇവിടെ ഉത്പാദനം തുടങ്ങിയാൽ ഇറക്കുമതിയുടെ നല്ലൊരു പങ്ക് ഒഴിവാക്കാം.
ഒയാസിസ്
1987ൽ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ തുടങ്ങിയ ഒയാസിസ് ഡിസ്റ്റിലറീസ് ധാന്യങ്ങളിൽ നിന്നാണ് പ്രധാനമായും എഥനോൾ ഉത്പാദിപ്പിക്കുന്നത്. 2021 ലെ കണക്ക് പ്രകാരം 22 കോടി ബൾക്ക് ലിറ്റർ സ്പിരിറ്റാണ് ഉത്പാദനം. 2100 കോടിയുടെ വാർഷിക വിറ്റുവരവും. റോയൽ ആംസ്, എവരി ഡെ ബ്രാണ്ടികളും റോയൽ ആംസ് വിസ്കി, എവരി ഡെ ഗോൾഡ് വിസ്കി എന്നിവയുമാണ് കേരളത്തിൽ പ്രചാരമുള്ള ബ്രാൻഡുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |