ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടി നേതാക്കൾ കാശ്‌മീർ സന്ദർശിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് കാശ്‌മീർ ഭരണകൂടം ആവശ്യപ്പെട്ടു. നേതാക്കളുടെ സന്ദർശനം കാശ്മീരിലെ ക്രമസമാധാനത്തെയും ജനങ്ങളുടെ സാധാരണ ജീവിതത്തെയും ബാധിക്കുമെന്നും അതിനാൽ സന്ദർശനം ഒഴിവാക്കണമെന്നും ഭരണകൂടം അറിയിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള അവസ്ഥ വിലയിരുത്താൻ ഇവിടം സന്ദർശിക്കണമെന്ന ഗവർണർ സത്യപാൽ മലികിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പുറപ്പെടാൻ തീരുമാനിച്ചത്.
സന്ദർശനത്തിനായി പ്രത്യേകം വിമാനം തയ്യാറാക്കാമെന്നും ഗവർണർ രാഹുലിനെ അറിയിച്ചിരുന്നു. എന്നാൽ, വിമാനം ഒന്നും വേണ്ടെന്ന് വ്യക്തമാക്കിയ രാഹുൽ സ്വതന്ത്രമായി കാശ്മീർ സന്ദർശിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. നേരത്തെ കാശ്മീർ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനേയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കൾ രാഹുലിനോടൊപ്പം ഉണ്ടാകും. കാശ്മീർ സന്ദർശനത്തിൽ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപാർട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദർശിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |