മലപ്പുറം: മൂന്നര വർഷത്തിനിടെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 27 ജീവനുകൾ. ഇതിൽ നല്ലൊരു പങ്കും കാട്ടാനയുടെയും പാമ്പിന്റെയും ആക്രമണത്തിലാണ്. രണ്ടാഴ്ചക്കിടെ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ആദിവാസികൾ മരണപ്പെട്ടിട്ടുണ്ട്. നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളും സൈലന്റ് വാലിയും ഉൾപ്പെടുന്നതാണ് ജില്ലയുടെ വനമേഖല. നോർത്തിൽ 440ഉം സൗത്തിൽ 320ഉം ചതുരശ്ര കിലോമീറ്റർ കാടാണ്. സൗത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് കാട്ടാന ആക്രമണം രൂക്ഷം.
നിലമ്പൂർ വനത്തിൽ നിന്ന് റോഡ് വഴി കിലോമീറ്ററുകളോളം താണ്ടി എടവണ്ണ കുണ്ടുതോട്, ചളിപ്പാടം മേഖലയിലെ ജനവാസ മേഖലയിൽ വരെ കാട്ടാനക്കൂട്ടമെത്തിയിട്ടുണ്ട്. നിലമ്പൂർ നഗരത്തിൽ പകലിൽ പോലും പലതവണ കാട്ടാനയിറങ്ങി. നേരത്തെ ആദിവാസി ഊരുകളിലായിരുന്നു കാട്ടാന ശല്യം രൂക്ഷമായി നേരിട്ടതെങ്കിൽ നിലവിൽ നിലമ്പൂർ, വഴിക്കടവ്, മൂത്തേടം,കരുളായി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ദിനംപ്രതിയെന്നോണം കാട്ടാനകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലമ്പൂരിൽ പത്ത് വർഷത്തിനിടെ എഴുപതിലധികം പേരുടെ ജീവൻ കാട്ടാന എടുത്തപ്പോൾ ഇതിൽ 34 പേരും ആദിവാസികളാണ്.
10 വർഷത്തിനിടെ ജീവനെടുത്തത് 70
ആദിവാസികൾ 34
7 ഇടങ്ങളിൽ വൈദ്യുത
തൂക്കുവേലി
വന്യജീവി ശല്യം തടയുന്നതിനായി നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷന് കീഴിൽ ഏഴിടങ്ങളിൽ വൈദ്യുത തൂക്കുവേലി സ്ഥാപിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കരുളായി റേഞ്ചിലെ ബാലംകുളം മുതൽ ഒടുക്കുംപൊട്ടി വരെ 5.75 കിലോമീറ്റർ, പാലാങ്കര -മൈലംപാറ 5.50 കിലോ മീറ്റർ, പൂളക്കപ്പാറ- തിക്കട്ടി നഗർ നാല് കിലോമീറ്റർ, ഉച്ചക്കുളം നഗർ രണ്ട് കിലോമീറ്റർ, കാളികാവ് റേഞ്ചിൽ മൈലംപാറ- മുനുപ്പൊട്ടി മൂന്ന് കിലോമീറ്റർ, പാട്ടക്കരിമ്പ് നഗർ രണ്ട് കിലോ മീറ്റർ, ചിങ്കക്കല്ല് നഗർ ഒരു കിലോമീറ്റർ എന്നിവിടങ്ങളിൽ ഉടൻ തൂക്കുവേലിയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങും. കുറഞ്ഞ ചെലവിലും ഫലപ്രദമായും സ്ഥാപിക്കാനാവും എന്നതാണ് വൈദ്യുത വേലിയുടെ പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |