ഫെബ്രുവരിയിൽ ബോക്സ് ഓഫീസിനു വൻ പ്രതീക്ഷ നൽകുകയാണ് മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ബസൂക്ക. കുഞ്ചാക്കോ ബോബന്റെ ഓൺ ഡ്യൂട്ടി, ആന്റണി വർഗീസിന്റെ ദാവീദ്, ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി, അർജുൻ അശോകന്റെ ബ്രോമൻസ്, നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പൊൻമാൻ, ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി തിളങ്ങിയ സജിൻ ഗോപു നായകനാകുന്ന പൈങ്കിളി എന്നിവയാണ് മറ്റ് പ്രധാന റിലീസ്.
ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദിൽ ആഷിഖ് അബു എന്ന ബോക്സിംഗ് താരമായാണ് ആന്റണി വർഗീസ് എത്തുന്നത്. ലിജോ മോളാണ് നായിക. വിജയരാഘവൻ, സൈജുകുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു എന്നിവരാണ് മറ്റു താരങ്ങൾ. മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് നിർമ്മാണം.
മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ബസുക്ക നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. 14ന് തിയേറ്ററിൽ എത്തുന്ന ചിത്രം മൈൻഡ് ഗെയിം ത്രില്ലർ ആണ്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാ, സുമിത് നേവൽ, ദിവ്യപിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റു താരങ്ങൾ. സരിഗമ ഇന്ത്യ ലിമിറ്റഡും തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മാണം.
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി 20ന് തിയേറ്ററിലെത്തും. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. പ്രിയാമണിയാണ് നായിക ഷാഹി കബീർ ആണ് സിനിമയ്ക്കായി തിരക്കഥ.
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻ ആറിന് റിലീസ് ചെയ്യും. ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയ സിനിമയാണ് പൊൻമാൻ. ലിജോമോൾ ജോസ് ആണ് നായിക. സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
നവാഗതനായ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളി എന്ന ചിത്രത്തിൽ അനശ്വര രാജൻ ആണ് നായിക. ആവേശം സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉൾപ്പെടെ നിരവധി താരങ്ങൾ ഒരുമിക്കുന്നുണ്ട്. രോമാഞ്ചം, ആവേശം എന്നീ സിനിമകളുടെ സംവിധായകൻ ജിതു മാധവൻ ആണ് രചന. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെയും അർബൻ അനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 14ന് പൈങ്കിളി റിലീസ് ചെയ്യും.
യുവ താരങ്ങളുടെ നീണ്ട നിരയുമായാണ് ബ്രോമാൻസ് ഒരുങ്ങുന്നത്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ എന്നിവരാണ് പ്രധാന താരങ്ങൾ. ജോ ആന്റ് ജോ, 18 + എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് നിർമ്മാണം. മാർക്കോയുടെ വമ്പൻ വിജയത്തിനുശേഷം എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഗൈനക്കോളജി ഡോക്ടറായി ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്നു. നിഖില വിമൽ ആണ് നായിക. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീപ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സ്കന്ദ സിനിമാസും കിങ്സ് മെൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |