കാസർകോട്: നീണ്ട 351 വർഷങ്ങൾക്ക് ശേഷം ആദൂരിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ പങ്കുകൊള്ളാൻ ഭാഗ്യം കിട്ടിയതിന്റെ സന്തോഷത്തിലാണ് പുതുതലമുറ. നാലു തലമുറയ്ക്ക് മുമ്പായി ഇവിടെ പെരുങ്കളിയാട്ടം നടത്തിയിരുന്നതായി പ്രശ്നചിന്തയിൽ കണ്ടതല്ലാതെ മറ്റ് അറിവുകളൊന്നും ഇല്ലെന്ന് ആചാരസ്ഥാനികർ പറയുന്നു. 19 മുതൽ 24 വരെയാണ് പെരുങ്കളിയാട്ടം.
പുന്നക്കാൽ ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും ആയിറ്റി ഭഗവതിയും ഒരേ ബിംബത്തിൽ പ്രതിഷ്ഠയുണ്ടെന്നതാണ് ഇവിടത്തെ പ്രത്യേകത. 39 തെയ്യങ്ങളാണ് പെരുങ്കളിയാട്ടത്തിൽ കെട്ടിയാടുക. കല്ലങ്കര ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി, ഉച്ചൂളികടവത്ത് ഭഗവതി, ആയിറ്റി ഭഗവതി, പൈരാപുരത്ത് വടക്കൻ കോടി, അസുരാളൻ തെയ്യം തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. കർണാടകത്തിൽ നിന്നടക്കം അഞ്ച് ലക്ഷത്തിലധികം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരമലബാറിലെ പ്രമുഖ മുകയ-ബോവി സമുദായത്തിന്റെ കൈവശമാണ് ആദൂർ ഭഗവതിക്ഷേത്രം. കളിയാട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്നലെ കന്നികലവറ നിറച്ചു. കാനക്കോട് വലിയ വീട് യാദവ തറവാട് കുടുംബസ്ഥരുടെതായിരുന്നു കന്നിക്കലവറ. ഇന്നു രാവിലെ ആചാര്യസംഗമം നടക്കും. വൈകിട്ട് മൂന്നിന് വിളംബര ഘോഷയാത്ര ബേങ്ങത്തടുക്ക അയ്യപ്പഭജനമന്ദിരത്തിൽ നിന്ന് പുറപ്പെട്ട് മുള്ളേരിയ ടൗൺ വഴി ക്ഷേത്രസന്നിധിയിലെത്തും. നാളെ സാമൂഹ പ്രാർത്ഥനയും കൊടിമരം നാട്ടിൽ ചടങ്ങും നടക്കും. വൈകീട്ട് എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതിക്ക് പൂർണകുംഭ സ്വീകരണം. 24ന് രാവിലെ പതിനായിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി മംഗല്യകുഞ്ഞുങ്ങളുടെയും സ്ഥാനിക ആചാര്യ അവകാശികളുടെയും അകമ്പടിയോടെ ഒരേ പീഠത്തിൽ കുടികൊള്ളുന്ന മൂന്ന് ഭഗവതിമാരുടെയും തിരുമുടി ഉയരും. തുടർന്ന് കലശം എഴുന്നള്ളത്ത്. ക്ഷേത്രാവകാശികളായ കാസർകോട് നെല്ലിക്കുന്ന് കണ്ണീരത്ത് തറവാട്, കരയപ്പൻ-കിരിയം തറവാട്, മൂത്തില്ലം തറവാട് എന്നീ മൂന്നു തറവാടുകളിൽനിന്ന് മീനമൃതിനുള്ള മീൻകോവ എഴുന്നള്ളത്തും നടക്കും. രാത്രി 11.50ന് സമാപനം.
ഒരുക്കങ്ങൾ ഒരു വർഷം മുമ്പ്
പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങൾ ഒരു വർഷം മുമ്പ് തുടങ്ങിയതാണ്. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം, വ്യാപാര മേള, ഒരു ലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകാനുള്ള സൗകര്യം, വിവിധ റോഡുകളുടെ നിർമ്മാണം, വെള്ളത്തിനായി ചെറു ഡാമുകളുടെ നിർമ്മാണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്തി. പെരുങ്കളിയാട്ടം സുഗമമായി വീക്ഷിക്കുന്നതിനായി പ്രത്യേക ഗാലറികളും നിർമ്മിച്ചു. വിവിധ പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉത്സവത്തിന് ആവശ്യമുള്ള പച്ചക്കറികളും നെല്ലും വിളയിച്ചു.
പെരുങ്കളിയാട്ടത്തിന് എത്താൻ
മുള്ളേരിയയിൽ നിന്ന് ചെർക്കള ജാൽസൂർ പാതയിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ആദൂർ ഏഴാം മൈലിൽനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ആദൂർ പള്ളത്തിന് സമീപത്തു നിന്ന് സി.എ. നഗർ കൈത്തോട് വഴിയും മുള്ളേരിയയിൽ നിന്ന് ബെള്ളൂർ റോഡിലൂടെ ബേങ്ങത്തടുക്കയിൽ നിന്ന് നവുങ്കാൽ വഴിയും ക്ഷേത്രത്തിലെത്താം. ബേങ്ങത്തടുക്ക ജയനഗർ മുച്ചിലോട്ട് വഴി പുതിയ റോഡും തുറന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |