ആലപ്പുഴ: ജില്ലയിൽ റോഡപകടങ്ങളും മരണവും വർദ്ധിച്ച സാഹചര്യത്തിൽ വാഹന പരിശോധന വീണ്ടും ശക്തമാക്കാൻ തീരുമാനം. ശബരിമല സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് മോട്ടോർ വാഹന വകുപ്പിന്റെ സംയുക്ത പരിശോധന (ജോയിന്റ് ആക്ഷൻ ഒഫ് പൊലീസ് ആൻഡ് മോട്ടോർ വെഹിക്കിൾ -ജപം) നിലച്ചതിന് പിന്നാലെ വീണ്ടും അപകടങ്ങളും മരണവും വർദ്ധിച്ച പശ്ചാത്തലത്തിലാണ് പരിശോധന കടുപ്പിക്കുന്നത്. മകരവിളക്ക് ഉത്സവ ഡ്യൂട്ടിക്ക് ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചെത്തിയാലുടൻ പൊലീസിന്റെ പങ്കാളിത്തതോടെ താലൂക്ക് അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്സ് മെന്റ് ആർ.ടി.ഒ അറിയിച്ചു.
ചോര ഉണങ്ങുന്നില്ല
ജില്ലയിൽ വെള്ളിയാഴ്ച മാത്രം കാൽനടയാത്രക്കാരുൾപ്പെടെ മൂന്നുപേരാണ് റോഡപകടത്തിൽ മരിച്ചത്. ചേർത്തല കഞ്ഞിക്കുഴിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കഞ്ഞിക്കുഴിപഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ പെരുംകുറുകയിൽ ഗോപിനാഥപ്പണിക്കരുടെ ഭാര്യ ശ്രീദേവിയാണ് (62) മരിച്ചത്. ചേർത്തല - അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മാവിൻചുവട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇതേറോഡിൽ പാണാവള്ളി കുഞ്ചരത്തിന് സമീപം പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ചാണ് കോൺഗ്രസ് നേതാവ് പാണാവളളി മയൂഖം വീട്ടിൽ എം.ആർ രവി (70) മരിച്ചത്. എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്ന മകളെ ഹോസ്റ്റലിലാക്കി വീട്ടിലേക്ക് മടങ്ങിപോകുന്നതിനിടെ തുമ്പോളി ജംഗ്ഷന് സമീപം കാറും കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസും കൂട്ടിയിടിച്ച് ഇരവുകാട് പതിയാംകുളങ്ങര അറക്കൽ വീട്ടിൽ ശശിധരന്റെ (58) ജീവൻ പൊലിഞ്ഞത്.
ആഴ്ചയിൽ 4 മരണം
അരൂർ- തുറവൂർ മേഖലകളിൽ കഴിഞ്ഞയാഴ്ച മാത്രം വ്യത്യസ്ത അപകടങ്ങളിൽ നാലുപേർ മരിച്ചത്. തുറവൂരിൽ പട്ടണക്കാട് ക്ഷേത്രത്തിന് സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് വാരനാട് വേങ്ങയിൽ രതി(60), കുമ്പളം പാലത്തിന് സമീപം കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വാഴത്തുവീട്ടിൽശശി (63) ,സ്കൂട്ടർ ബാരിക്കേഡിൽ തട്ടി തലവടി വെള്ളക്കിണർ ആനച്ചേരിൽപ്രവീൺ (24)എന്നിവരും രാമങ്കരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാനിനടിയിൽപ്പെട്ട് കുന്നത്തുംപറമ്പ് പങ്കജാക്ഷനുമാണ് (53) മരണമടഞ്ഞത്.
............................................
പരിശോധന കുറഞ്ഞതോടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും കൂടിയതാകാം അപകടങ്ങളുടെ എണ്ണം കൂടാൻ കാരണം. പൊലീസുമായുള്ള സംയുക്ത പരിശോധന ഉടൻ പുനരാരംഭിക്കും
- ആർ. രമണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |