SignIn
Kerala Kaumudi Online
Sunday, 22 February 2026 5.19 PM IST

സേഫല്ല.....ഓപ്പറേഷൻ ഗ്രീൻ സേഫ് കണ്ണൂർ

Increase Font Size Decrease Font Size Print Page
a

കണ്ണൂർ നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം അലഞ്ഞുതിരിയുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും കാണാം. റെയിൽവേ സ്റ്റേഷൻ പരിസരം, പഴയ ബസ് സ്റ്റാൻഡ്, കാൾടെക്ട്, പുതിയ സ്റ്റാൻഡ്, പയ്യാമ്പലം ബീച്ച് പരിസരം എന്നിവിടങ്ങളിലെല്ലാം അലഞ്ഞു തിരിയുന്നവരും മാനസിക വെല്ലുവിളി നേരിടുന്നവരും നിലയുറപ്പിച്ചിട്ടുണ്ട്. തിരിഞ്ഞ് നോക്കാൻ ആളില്ലാതായതോടെ ദുരിതപൂർണ്ണമാണ് പലരുടേയും ജീവിതം. ചിലർ ലഹരിക്ക് അടിമപ്പെടുന്നു. മറ്റു ചിലർ ഭിക്ഷാടനത്തിലേക്ക് തിരിയുന്നു. മാനസിക നില തന്നെ തെറ്റിയ ചിലർ എങ്ങോട്ടു പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ പലയിടങ്ങളിലായി അലഞ്ഞ് തിരിയുകയാണ്.

നഗരത്തിൽ ഇത്തരം ആളുകളുടെ എണ്ണം വ‌ർദ്ധിച്ചപ്പോഴാണ് ഇവരെ സുരക്ഷിതമായ ഇടങ്ങിൽ പാർപ്പിക്കാൻ അധികൃതർ ഓപ്പറേഷൻ ഗ്രീൻ സേഫ് കണ്ണൂർ പദ്ധതി ആരംഭിച്ചത്. എന്നാൽ തുടക്കത്തിലെ ആവേശമൊഴിച്ചാൽ ഈ പദ്ധതി പാതിവഴിയിൽ മുടങ്ങി. ഇതോടെ നഗരത്തിലെ വിവിധയിടങ്ങളിൽ ഇത്തരം ആളുകൾ തോന്നിയപോലെ കഴിയുകയാണ്. പദ്ധതി നിലച്ചതോടെ ഭിക്ഷാടകരും നഗരം കൈയ്യടക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരം, പഴയ ബസ് സ്റ്റാൻഡ്, കാൾടെക്സ് തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടകരെ തട്ടി നടക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാന ഭിക്ഷാടകരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. കഴിഞ്ഞ ഡിസംബറിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു ഭിക്ഷാടകനെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പട്ടിണി മരണമാണെന്ന് ആരോപണവും ഉയർന്നിരുന്നുവെങ്കിലും അധികൃതർ നിഷേധിച്ചിരുന്നു.

നഗരത്തിൽ പരക്കെ അക്രമം നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നേരത്തെ പദ്ധതി തുടങ്ങിയത്. 2023 ജൂലായിൽ ആരംഭിച്ച പദ്ധതി ഒന്നര വർഷം പിന്നിടുമ്പോഴേക്കും പൂർണ്ണമായും നിലച്ചിരിക്കുകയാണ്. നഗരം കുറ്റകൃത്യ വിമുക്തമാക്കി ഭിക്ഷാടകരെയും വൃദ്ധരെയും സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കുന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സാമൂഹ്യ വിരുദ്ധരുടെ അക്രമം തടയുന്നതിന്റെ ഭാഗമായിട്ടാണ് പുനരധിവാസ പദ്ധതി ആരംഭിച്ചത്. എന്നാൽ ബന്ധപ്പെട്ട അധികൃതർ ആരും തന്നെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഉത്സാഹം കാണിക്കുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. നിലവിൽ നഗരത്തിൽ പലയിടത്തും ലഹരി ഉപയോഗിച്ച് പലരും ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടക്കുന്നതും ബോധം നഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഇവരെക്കുറിച്ച് അന്വേഷിക്കാനോ ഇവരെ മറ്റ് അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനോ അധികൃതർ തയാറാകുന്നില്ല.

നഗരത്തിൽ അന്തിയുറങ്ങാൻ

500 ഓളം പേർ

നേരം ഇരുട്ടുന്നതോടെ നഗരത്തിൽ അന്തിയുറങ്ങാനെത്തുന്നത് 500 ഓളം ആളുകളാണ്. തൊഴിലാളികൾ, ഭിക്ഷാടകർ, സമൂഹവിരുദ്ധർ, മാനസികാസ്വാസ്ഥ്യമുള്ളവർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ ഭൂരിഭാഗവും നഗരത്തിലെ സ്ഥിരം താമസക്കാരാണ്. മറ്റു ചിലരാകട്ടെ വല്ലപ്പോഴും മാത്രം എത്തുന്നവരും. പഴയ ബസ്‌സ്റ്റാൻഡ്, സ്റ്റേഡിയം കോർണർ, റെയിൽവേ സ്റ്റേഷൻ പരിസരം, തെക്കിബസാർ, മാർക്കറ്റ്, പുതിയ ബസ്‌സ്റ്റാൻഡ്, പൊലീസ് കോ-ഓപ്പറേറ്റീവ് വരാന്ത, കളക്ടറേറ്റ് മൈതാനത്തെ സ്റ്റേജ്‌ പരിസരം, പ്ലാസ, യോഗശാല റോഡ്, പാറക്കണ്ടി എന്നിവിടങ്ങളിലാണ് രാത്രി ഉറങ്ങാൻ ഇവരെത്തുന്നത്. പകൽ മുഴുവൻ ഭിക്ഷാടനം നടത്തിയും ചെറിയ കൂലിപ്പണി ചെയ്തും തലചായ്ക്കാൻ ഇടമില്ലാത്തവരും രാത്രി കടവരാന്തയിൽ ഉറങ്ങാനെത്തുന്നുണ്ട്. എന്നാൽ നഗരത്തിൽ രാപാർക്കുന്നവരെ പുനരധിവസിപ്പിക്കാനാകില്ലെന്നാണ് സാമൂഹികനീതി വകുപ്പ് അധികൃതർ പറയുന്നത്. രാത്രിയിൽ അന്തിയുറങ്ങാനെത്തുന്നവരുടെ വ്യക്തമായ കണക്ക് വകുപ്പിനില്ല. വകുപ്പുതല സർവേ നടത്തിയിട്ടുണ്ട്. സർക്കാർ നിർദേശത്തെത്തുടർന്ന് ഇവരെ അനാഥമന്ദിരത്തിൽ പാർപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. താത്പര്യമില്ലാത്തതാണ് കാരണം. സർക്കാർ അനാഥമന്ദിരത്തിൽ താമസിപ്പിച്ചവർ ഒരുമാസത്തിനുള്ളിൽ തിരിച്ച് പോകുന്ന അവസ്ഥയുമുണ്ട്.

പദ്ധതി മൂന്ന് ഘട്ടങ്ങളിലായി

കണ്ണൂർ അസി. പൊലീസ് കമ്മിഷണർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. അലഞ്ഞുതിരിയുന്ന മാനസിക വെല്ലുവിളികൾ നേരിടുന്നവരെ ആദ്യഘട്ടത്തിലും വൃദ്ധരെ രണ്ടാം ഘട്ടത്തിലും ഭിക്ഷാടകരെ മൂന്നാം ഘട്ടത്തിലും പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി തയാറാക്കിയത്. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ ഈ വിഭാഗത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ 21 കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. അഭയ, തണൽ, സ്നേഹഭവൻ, പ്രത്യാശാഭവൻ, തറവാട്, കനോസ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പുനരധിവാസ സൗകര്യം ഒരുക്കിയിരുന്നത്. നിലവിൽ പദ്ധതി പ്രായോഗികമായി നിലവില്ലെന്നാണ് പദ്ധതിയുമായി അന്ന് സഹകരിച്ചവരും പറയുന്നത്. നഗരത്തിൽ പരക്കെ അക്രമം നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അന്ന് പദ്ധതി തുടങ്ങിയതെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെടുകയാണെങ്കിൽ പൊലീസിന്റെ സഹായത്തോടെ വീണ്ടും ആരംഭിക്കുമെന്നും ബന്ധയുമായി സഹകരിച്ചു പോകുന്നവർ പറയുന്നു.

എവിടെ സുരക്ഷ ?

വൈകിട്ടായാൽ ഭിക്ഷാടകരിൽ പലരും പഴയ ബസ് സ്റ്റാൻഡിലാണ് അഭയം പ്രാപിക്കുന്നത്. ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ഇവിടെത്തന്നെ. കൂട്ടത്തിൽ മദ്യപിച്ചെത്തുന്നവരും പെട്ടെന്ന് പ്രകോപിതരായി അക്രമസ്വഭാവം കാട്ടുന്നവരുമെല്ലാമുണ്ട്. ഇവരെയല്ലാം ഭയന്നാണ് സ്ത്രീകൾ ഉൾപ്പെടെുള്ളവർ ബസ് കാത്തു നിൽക്കുന്നത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചെത്തുന്നവരുടേയും സ്ഥിരം താവളമായ ഇവിടെ പൊലീസ് പെട്രോളിംഗും നടക്കാറില്ല. രാത്രികാലത്ത് ഒട്ടും സുരക്ഷിതമല്ല പഴയ ബസ് സ്റ്റാൻഡ്. ലഹരി മൂത്ത് അന്യ സംസ്ഥാനക്കാരും അലഞ്ഞുനടക്കുന്നവരുമൊക്കെ അക്രമസ്വഭാവം കാണിക്കുന്നതും ഇവിടെ പതിവാണ്. വർഷങ്ങളായി തുടരുന്ന ഈ സ്ഥിതിയിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

രാത്രിയിൽ മദ്യപസംഘങ്ങളെയും

ഭയക്കണം

രാത്രിയിൽ നഗരത്തിൽ പലയിടങ്ങളും മദ്യപ സംഘങ്ങളുടെ താവളമാണ്. കണ്ണൂർ ടൗൺ സ്റ്റേഷൻ മുതൽ സമീപത്തുള്ള റെയിൽവേ കിഴക്കേ കവാടം പരിസരമെല്ലാം ഇക്കൂട്ടർ കൈയ്യടക്കിയിരിക്കും. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ ലഹരി ഉപയോഗിച്ച് പരസ്പരം തർക്കവും പതിവാണ്. രാത്രി വൈകി ബസ് കാത്ത് നിൽക്കുന്നവരെ ശല്ല്യപ്പെടുത്തുന്നതും സ്ഥിരം കാഴ്ചയാണ്. നഗരത്തിൽ പരക്കെ അക്രമം നടക്കുന്നത് കൂടി ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് നടത്തിയ പദ്ധതി നിലച്ചതോടെ ഇതര സംസ്ഥാനക്കാർ ഉൾപ്പെടയുള്ളവർ നഗരത്തിന്റെ വിവിധ കോണുകളിലായി വന്ന് തമ്പടിക്കുകയാണ്. ഇവർ ആരാണെന്നോ എന്താണെന്നോ അന്വേഷിക്കാൻ അധികൃതർ മുന്നോട്ട് വരാതായതോടെ ഇത്തരക്കാർക്ക് ആരെയും പേടിക്കാനില്ലാത്ത സ്ഥിതിയാണ്.

TAGS: KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.