ടെൽ അവീവ്: 15 മാസം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ ഇന്നുമുതൽ വെടിനിറുത്തൽ. ആദ്യഘട്ടത്തിൽ 42 ദിവസത്തേക്കാണ് വെടിനിറുത്തൽ കരാർ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് (പ്രാദേശിക സമയം രാവിലെ 8.30) നിലവിൽ വരും. തീവ്രവലതുപക്ഷ വാദികളുടെ എതിർപ്പ് മറികടന്ന് കരാറിന് ഇന്നലെ ഇസ്രയേൽ സർക്കാരിന്റെ അന്തിമ അംഗീകാരം ലഭിച്ചു. ഇന്ന് മൂന്ന് ബന്ദികളെ ഹമാസ് വിട്ടുനൽകും. പകരം 90 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവരുടെ മാസങ്ങൾ നീണ്ട മദ്ധ്യസ്ഥ ചർച്ചകളാണ് വിജയം കണ്ടത്. യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണായക പങ്കുവഹിച്ചു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുടെ ഇടപെടൽ വഴിത്തിരിവായി. ഇതുവരെ 46,890ലേറെ പാലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
തുടർന്നുള്ള ദിവസങ്ങളിൽ 30 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിക്കും. 94 ബന്ദികളിൽ 60 പേർ ജീവനോടെയുണ്ടെന്നാണ് നിഗമനം. 1,904 പാലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങും. റാഫ അതിർത്തി വഴി സഹായ ട്രക്കുകൾ കടത്തിവിടും. 16-ാം ദിനം മുതൽ നടക്കുന്ന ചർച്ചകൾ വിജയിച്ചാൽ രണ്ടാംഘട്ട കരാറിലേക്ക് കടക്കും. രണ്ടാംഘട്ടത്തിൽ എല്ലാ ബന്ദികളെയും മോചിപ്പിച്ച്, സ്ഥിരം വെടിനിറുത്തൽ നിലവിൽ വരും. മൂന്നാം ഘട്ടത്തിൽ ഗാസ പുനർനിമ്മാണം ആരംഭിക്കും.
# ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്
1. ഗാസയിലെ യുദ്ധം അവസാനിക്കുമോ?
2. ഇസ്രയേലിന്റെ നിലപാടെന്ത്?
3. ഗാസയുടെ ഭരണം ആർക്കാകും?
4. ഹമാസിന്റെ ഭാവി എന്താകും?
5. ദ്വിരാഷ്ട്ര പരിഹാരം സാദ്ധ്യമാകുമോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |