മണ്ണാർകാട് മുത്തശിയെ കൊന്ന ചെറുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ന്യൂഡൽഹി /തിരുവനന്തപുരം/പാലക്കാട് : രാജ്യം ഞെട്ടിയ രണ്ട് അതിക്രൂര കൊലപാതങ്ങളിൽ പ്രതികൾക്ക് ശിക്ഷാവിധി നാളെ.
കൊൽക്കത്തയിൽ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറായിരുന്ന 31 കാരിയെ മാനംഭംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ കാത്തിരിക്കുന്നത് തൂക്കുകയറാകുമോ? പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ പ്രഖ്യാപിച്ച സിയാൽദ അഡിഷണൽ ജില്ല സെഷൻസ് ജഡ്‌ജി അനിർബൻ ദാസ് നാളെ ശിക്ഷ വിധിക്കും.
പാറശാലയിൽ കാമുകനെ കഷായത്തിൽ വിഷം കലർത്തി തന്ത്രപരമായി കൊലപ്പെടുത്തിയ കാമുകിയെ കാത്തിരിക്കുന്നതും കടുത്ത ശിക്ഷയാകും. ആ വിധിയും നാളെയാണ്.
അതേസമയം, പാലക്കാട് ജില്ലയിലെ മണ്ണാർകാട് മുത്തശ്ശിയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ഇന്നലെ കോടതി വിധിച്ചത് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. ഭക്ഷണത്തിൽ വിഷം കലർത്തി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടിൽ മമ്മിയുടെ ഭാര്യ നബീസയെയാണ് (71) കൊച്ചുമകൻ തോട്ടര പടിഞ്ഞാറേതിൽ ബഷീർ (45), ബഷീറിന്റെ ഭാര്യ ഫസീല (36) എന്നിവർ കൊന്നത്. മണ്ണാർക്കാട് പട്ടികജാതിപട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ്ജീവപര്യന്തവും പിഴയും വിധിച്ചത്.
വനിതാ ഡോക്ടറെ
പിച്ചിച്ചീന്തിയ നരാധമൻ
കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കൊൽക്കത്ത മെഡിക്കൽ കോളേജിൽ വനിത ഡോക്ടറുടെ കൊലപാതകം
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം 64 (മാനഭംഗം), 66 (മാനഭംഗത്തെ തുടർന്നുള്ള മരണം), 103-1(കൊലക്കുറ്റം) തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. 2024 ആഗസ്റ്റ് 9ന് കുറ്റകൃത്യം നടന്ന് 162 ദിവസമാകുമ്പോഴാണ് വിധി.
കൊൽക്കത്ത പൊലീസിലെ സിവിൽ വോളണ്ടിയർ ആയ 33കാരനായ പ്രതി സഞ്ജയ് റോയ് മെഡിക്കൽ കോളേജിലെ സുരക്ഷാഡ്യൂട്ടിയിൽ ആയിരുന്നു. 2024 ആഗസ്റ്റ് 9 ന് രാവിലെ ആശുപത്രിയിലെ സെമിനാർ മുറിയിലാണ് യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം പ്രതിയെ അറസ്റ്റു ചെയ്‌തെങ്കിലും ബംഗാൾ പൊലീസിന്റെ അന്വേഷണത്തിൽ വ്യാപക ആക്ഷേപം ഉയർന്നതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി ആഗസ്റ്റ് 13ന് കേസ് സി.ബി.ഐയ്ക്ക് കൈമാറി. ജനുവരി 9 ന് വിചാരണ പൂർത്തിയായി. ഡോക്ടർമാരുടെ തുടർച്ചയായ സമരം മമത ബാനർജി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സുപ്രീം കോടതി ഇടപെട്ടതോടെയാണ് ഡോക്ടർമാർ സമരത്തിൽ നിന്ന് പിൻമാറിയത്.
ഗ്രീഷ്മയെ കാത്തിരിക്കുന്നത്
നാലു വർഷത്തോളം പ്രണയിച്ച കാമുകൻ ഷാരോണിനെ വീട്ടിലേക്ക് വളിച്ചുവരുത്തിയാണ് കീടനാശിനി കലർത്തിയ കഷായം നൽകി മരണത്തിലേക്ക് തള്ളിവിട്ടത്. പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്കുള്ള ശിക്ഷ എന്തായിരിക്കണം എന്നതിൽ ഇന്നലെ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി വാദം കേട്ടു.ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.
ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ പറഞ്ഞു. എം.എ സർട്ടിഫിക്കറ്റും,മാർക്ക് ലിസ്റ്റും ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |