വിഴിഞ്ഞം: മത്സ്യബന്ധന തീരത്ത് അപൂർവ ഇനത്തിൽപ്പെട്ട സ്രാവ് എത്തി. മണൽക്കടുവ എന്നയിനമാണെന്ന് സംശയം. തീരത്ത് ഇതിനെ നരിപ്പല്ലൻ എന്നാണ് തൊഴിലാളികൾ വിളിക്കുന്നത്. ഇന്ന് രാത്രിയോടെയാണ് തൊഴിലാളികൾക്ക് ലഭിച്ചത്. വലുതും ചെറുതുമായ വലിയ പല്ലുകൾ നിറഞ്ഞ ഭീകര രൂപമാണിതിന്. ഏകദേശം 300 കിലോയോളം ഭാരം വരുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഈയിനത്തിൽപ്പെട്ട വലിപ്പമേറിയ മത്സ്യം ഇവിടെ ലഭിക്കുന്നത് ഇതാദ്യമാണ്. ഓടോണ്ടാസ്പ സ്പീഷീസ് വിഭാഗത്തിലെ മത്സ്യമാണ് ഇതെന്ന് ബന്ധപ്പെട്ട വിദഗ്ദ്ധർ അറിയിച്ചു.
കടലിന്റെ അടിത്തട്ടിൽ മണൽ നിറഞ്ഞ പ്രദേശത്താണ് ഇവ കാണപ്പെടുന്നത്.അതിനാലാണ് മണൽ കടുവ എന്നു വിളിക്കുന്നത്.നീളമുള്ള മൂക്കും വലിയ കണ്ണുകളും കത്രിക പൂട്ട് സമാനമായിട്ടുള്ള മൂന്നുനിര വലിയ പല്ലുകളും വിശാലമായ വായയും ഇവയുടെ പ്രത്യേകതയാണ്.ഇരുണ്ട തവിട്ട് നിറമാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട വംശനാശ ഭീഷണി നേരിടുന്നവയാണിത്. ഉപരിതലത്തിലെത്തി വായു വിഴുങ്ങി ആമാശയത്തിൽ സംഭരിക്കുന്ന ഒരേയൊരു സ്രാവിനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |