ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ നേതാക്കളെ ജയിലടച്ച സംഭവങ്ങൾ ചേർത്ത് ആംആദ്‌മി പാർട്ടി നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. പ്രദർശനത്തിന് ആവശ്യമായ അനുമതി തേടിയില്ലെന്ന് പൊലീസ് വിശദീകരിച്ചു.
ബി.ജെ.പിയുടെ നിർദ്ദേശപ്രകാരമാണ് പ്രദർശനം തടഞ്ഞതെന്നും തിയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയെന്നും ആംആദ്‌മി പാർട്ടി ആരോപിച്ചു. പ്രദർശനം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടതല്ല. ആം ആദ്മി നേതാക്കളെ ജയിലിലേക്ക് അയച്ച ബി.ജെ.പി സർക്കാരിന്റെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികൾ തുറന്നു കാട്ടുന്ന ഡോക്യുമെന്ററിയായിരുന്നു. പ്രദർശനം തടഞ്ഞത് സ്വേച്ഛാധിപത്യപരമാണ്.
തിരഞ്ഞെടുപ്പ് കാലയളവിൽ എല്ലാ രാഷ്ട്രീയ പരിപാടികൾക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ ഏകജാലക സംവിധാനം വഴി അനുമതി തേടേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അനുമതിയില്ലാത്ത പ്രദർശനം മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാകുമായിരുന്നു.
ഡൽഹിയിൽ 1521 പത്രികകൾ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആകെ ലഭിച്ചത് 1521 നാമനിർദ്ദേശ പത്രികകൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം 680 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്. കൂടുതൽ പത്രിക ലഭിച്ചത് ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ: 29 സ്ഥാനാർത്ഥികൾ 40 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.
മൂന്ന് വാഗ്‌ദാനങ്ങൾ ബാക്കി: കേജ്‌രിവാൾ
തങ്ങളുടെ ഭരണകാലത്ത് മൂന്ന് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് ആംആദ്‌മി പാർട്ടി കൺവീനറും സ്ഥാനാർത്ഥിയുമായ അരവിന്ദ് കേജ്‌രിവാൾ. യമുനാ നദി വൃത്തിയാക്കാനും ശുദ്ധമായ കുടിവെള്ളം നൽകൽ, ഡൽഹിയിലെ റോഡുകൾ യൂറോപ്യൻ നിലവാരത്തിലാക്കാനും കഴിഞ്ഞില്ല. മൂന്ന് പ്രവൃത്തികളും അടുത്ത 5 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും കേജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |