കൊച്ചി: പിറന്നാൾദിനത്തിൽ സച്ചിൻ സുരേഷിന്റെ മാന്ത്രിക കൈകൾ കേരളാ ബ്ലാസ്റ്റേഴ്‌സിന് രക്ഷാകവചമായി. ക്ലോസ് റേഞ്ച് ഷോട്ടുകൾപോലും തട്ടികയകറ്റിയ സച്ചിൻ, സന്ദർശകരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ജയിക്കാൻ അനുവദിച്ചില്ല.
ഐബൻബ ചുവപ്പുകണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്‌സ് സ്വന്തംതട്ടകത്തിൽ തീയായി ജ്വലിച്ചു.ഗോൾരഹിതമായ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് വിജയംപോലെ മധുരമുള്ള സമനില. 17 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 8-ാം സ്ഥാനത്തേക്ക് കയറി. 25 പോയിന്റ് നേടിയ നോർത്ത് ഈസ്റ്റിന്റെ അഞ്ചാം സ്ഥാനത്തിന് ഇളക്കമില്ല.
ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടതോടെ ആദ്യപകുതിയുടെ തുടക്കം മുതൽ ആവേശം നിഞ്ഞു. പക്ഷേ ലക്ഷ്യംമാത്രം അകന്നുനിന്നു. 30 മിനിട്ടിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ താരം ഐബൻബ ചുവപ്പുകണ്ട് പുറത്ത്. നോർത്ത് ഈസ്റ്റിന്റെ മോറോക്കൻ മുന്നേറ്റതാരം അലാദിൻ അജറായിയെ തലകൊണ്ട് മുഖത്ത് ഇടിച്ചത് സീസണിലെ രണ്ടാം ചുവപ്പുകാർഡിന് വഴിയൊരുക്കി. പത്തായി ചുരുങ്ങിയെങ്കിലും നോർത്ത് ഈസ്റ്റ് ആക്രമണങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൊളിക്കാനായില്ല. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിക്കെ പ്രതിരോധപ്പിഴവിലൂടെ പന്തുമായി അജ്‌റായിയുടെ കുതിപ്പ്.ക്ലോസ് റേഞ്ചിൽ നിന്നുള്ള കിക്കിൽ സച്ചിന്റെ കൈകൾ രക്ഷാകവചമായി.
നോർത്ത് ഈസ്റ്റ് ആധിപത്യമായിരുന്നു രണ്ടാം പകുതിയാകെ. ലൂണയും സദൗയിയും വരെ ഗോൾവലയ്ക്കുമുന്നിൽ മതിലൊരുക്കി. ബോക്സിന് വെളിയിൽ നിന്നുള്ള ഷോട്ടുകളെല്ലാം സച്ചിൻ കൈപ്പിടിയിലൊതുക്കി രക്ഷനായി. കിട്ടുന്ന അവസരങ്ങളിൽ ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റിന് ഭീഷണിയൊരുക്കിക്കൊണ്ടിരുന്നു. പക്ഷേ സ്കോർ ബോർഡ് തുറക്കാൻ ബ്ലാസ്റ്റേഴ്സിനും കഴിഞ്ഞില്ല. 74ാം മിനിറ്റിൽ ലൂണയെടുത്ത ഫ്രീകിക്ക് വലയ്ക്കരികിലൂടെ പറന്നു. 84ാം മിനിറ്റിൽ ലൂണക്ക് പകരം ദുഷാൻ ലഗാതോർ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റ മത്സരത്തിനിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |