ട്രംപിന് വേണ്ടി വോട്ട് ചോദിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക് വേദികൾ തോറും കയറിയിറങ്ങി. ട്രംപ് അനുകൂലികൾക്കിടയിലേക്ക് തുള്ളിച്ചാടി കൈകൾ വീശി കാണിച്ച് മസ്‌ക് നടന്നു. യു.എസിനെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ട്രംപിന്റെ വിജയം അനിവാര്യമാണെന്ന് ആവർത്തിച്ച് പറഞ്ഞ് ട്രംപിന്റെ താര, സജീവ പ്രചാരകനായി. അന്ന് ട്രംപ് പറഞ്ഞിരുന്ന വാക്കാണ് അധികാരത്തിലെത്തിയാൽ മസ്‌കിന് സുപ്രധാന പദവി നൽകുമെന്നത്.
'കാര്യക്ഷമത ഡിപ്പാർട്ട്‌മെന്റിന്റെ' തലപ്പത്ത് നിയമിച്ചാണ് ട്രംപ് ആ വാക്ക് പാലിച്ചത്. മസ്‌കിനെയും പ്രചാരണത്തിൽ മുന്നിലുണ്ടായിരുന്ന ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയേയുമാണ് ട്രംപ് പുതുതായി പ്രഖ്യാപിച്ച സർക്കാർ ഏജൻസിയായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) ചുമതല ഏൽപ്പിച്ചത്.
സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്‌ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ഡോഷ് ഒരു ഫെഡറൽ എക്‌സിക്യൂട്ടീവ് വകുപ്പല്ല. സർക്കാരിന് പുറത്തുനിന്ന് മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളുംനൽകുന്ന കമ്മിഷനായി പ്രവർത്തിക്കുമെന്നാണ് വിവരം. യു.എസ് കോൺഗ്രസിൽ അംഗീകാരം ലഭിച്ച ശേഷമേ ഡോഷ് നിലവിൽ വരൂ. 2026 ജൂലായ് വരെ ഏജൻസി പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |