ഡൊണാൾഡ് ട്രംപിന്റെ അധികാരമേൽക്കൽ യു.എസിലെ ഇന്ത്യൻ-അമേരിക്കൻ വംശജരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിലെ നിർണായകമായ പദവികളിലേക്ക് ഇന്ത്യൻ - അമേരിക്കൻ വംശജരെ ട്രംപ് തിരഞ്ഞെടുത്തിട്ടുണ്ട്. അവർ ആരൊക്കെയെന്ന് നോക്കാം;
കാഷ് പട്ടേൽ (44)
മാതാപിതാക്കൾ ഗുജറാത്തിൽ നിന്ന് കിഴക്കേ ആഫ്രിക്കയിലേക്കും തുടർന്ന് യു.എസിലേക്കും കുടിയേറിയവർ. എഫ്.ബി.ഐയുടെ (ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ) ഡയറക്ടറാകും. ട്രംപിന്റെ ആദ്യത്തെ പ്രസിഡൻഷ്യൽ കാലയളവിൽ യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ചു. അഭിഭാഷകൻ. ട്രംപിന്റെ അടുത്ത അനുയായി.
ജയ് ഭട്ടാചാര്യ (56)
കൊൽക്കത്തയിൽ ജനനം. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ പഠനം. ഗവേഷകൻ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്തിന്റെ (എൻ.ഐ.എച്ച്) ഡയറക്ടർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബയോമെഡിക്കൽ, പൊതുജനാരോഗ്യ ഗവേഷണത്തിന്റെ ഉത്തരവാദിത്വമുള്ള യു.എസ് സർക്കാരിന്റെ പ്രാഥമിക ഏജൻസിയാണ് എൻ.ഐ.എച്ച്.
മുമ്പ്, യു.എസിലെ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഭട്ടാചാര്യ രംഗത്തെത്തിയത് വിവാദമായിരുന്നു. ലോക്ക്ഡൗണുകളും മാസ്ക് കർശനമാക്കിയതും എതിർത്തു.
വിവേക് രാമസ്വാമി (39)
മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയ തമിഴ് വേരുകളുള്ള പാലക്കാട് സ്വദേശികൾ. കോടീശ്വരൻ. റോയ്‌വന്റ് സയൻസസ് എന്ന ബയോടെക്നോളജി കമ്പനിയുടെ സ്ഥാപകൻ. ട്രംപ് പ്രഖ്യാപിച്ച സർക്കാർ കമ്മിഷനായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേധാവികളിൽ ഒരാൾ.
ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കാണ് ഡോഷിന്റെ മറ്റൊരു മേധാവി. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. വിവേക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ മത്സരിച്ചെങ്കിലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറി.
ശ്രീറാം കൃഷ്ണൻ (41)
ജനിച്ചത് ചെന്നൈയിൽ. സംരംഭകൻ. വൈറ്റ് ഹൗസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നയ ഉപദേഷ്ടാവായി നോമിനേറ്റ് ചെയ്യപ്പെട്ടു. എഴുത്തുകാരനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമാണ്. ഇലോൺ മസ്കിന്റെ വിശ്വസ്തൻ. മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ വമ്പൻ ടെക് കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസ് എ.ഐ ആൻഡ് ക്രിപ്റ്റോ സാർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡേവിഡ് ഒ. സാക്ക്സിന് കീഴിൽ പ്രവർത്തിക്കും.കാലിഫോർണിയ ആസ്ഥാനമായുള്ള നിക്ഷേപക കമ്പനിയായ ആൻഡ്രീസൻ ഹോറോവിറ്റ്സിന്റെ പാർട്ണറും മുൻ പ്രോഡക്ട് ലീഡറുമാണ്.
ഹർമീത് ദില്ലൻ (55)
ജനിച്ചത് ചണ്ഡീഗഢിൽ. കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറി. യു.എസ് പൗരാവകാശ വിഭാഗം അസിസ്‌റ്റന്റ് അറ്റോർണി ജനറൽ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. കാലിഫോർണയിലെ റിപ്പബ്ലിക്കൻ പാർട്ടി മുൻ ഉപാദ്ധ്യക്ഷ.
----------------------
ജനപ്രതിനിധിസഭയിൽ ആറ് പേർ
അതേ സമയം, യു.എസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ആറ് ഇന്ത്യൻ വംശജരുണ്ട്. രാജാ കൃഷ്ണമൂർത്തി (ഇലിനോയി), ശ്രീ തനേദാർ (മിഷിഗൺ), റോ ഖന്ന (കാലിഫോർണിയ), പ്രമീള ജയപാൽ (വാഷിംഗ്ടൺ), ആമി ബേര (കാലിഫോർണിയ), സുഹാസ് സുബ്രമണ്യം (വിർജീനിയ) എന്നിവരാണത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്.
റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവർ 2017 മുതലും ആമി ബേര 2013 മുതലും അതത് മണ്ഡലങ്ങളിൽ ജനപ്രതിനിധികളായി തുടരുന്നു. ശ്രീ തനേദാർ 2022ലാണ് സഭയിലെത്തിയത്. സുഹാസ് സഭയിൽ പുതുമുഖമാണ്. രണ്ട് വർഷമാണ് സഭാംഗങ്ങളുടെ കാലാവധി. ഇവർ ജനുവരി 3ന് അധികാരമേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |