ഡൊണാൾഡ് ട്രംപും ജെ.ഡി. വാൻസും യു.എസിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി അധികാരമേൽക്കുമ്പോൾ പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം തലയെടുപ്പോടെ ഒരു ഇന്ത്യൻ വംശജയുമുണ്ടാകും. ജെ.ഡി. വാൻസിന്റെ ഭാര്യ അഥവാ യു.എസിന്റെ സെക്കൻഡ് ലേഡി (പ്രസിഡന്റിന്റെ ഭാര്യ ഫസ്റ്റ് ലേഡി, വൈസ് പ്രസിഡന്റിന്റെ ഭാര്യ സെക്കൻഡ് ലേഡി) ആയ ഉഷ ചിലുകുരി വാൻസ് ആണത്. 39കാരിയായ ഉഷ ജനിച്ചതും വളർന്നതും കാലിഫോർണിയയിലെ സാൻഡിയാഗോയിലാണ്.
അഭിഭാഷകയായ ഉഷയുടെ മാതാപിതാക്കൾ 1980കളിൽ ആന്ധ്രപ്രദേശിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. ഐ.ഐ.ടി മദ്രാസിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനിയറായ ഉഷയുടെ പിതാവ് പിന്നീട് സാൻഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ലക്‌ചറർ ആയി. അമ്മ മോളിക്യുലാർ ബയോളജിസ്റ്റും. യേൽ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഉഷ ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്.
തന്റെ ആത്മീയ വഴികാട്ടിയാണ് ഉഷയെന്ന് വാൻസ് നിരവധി തവണ പറഞ്ഞിട്ടുണ്ട്. വാൻസിന്റെ ഉയർച്ചയുടെ ഓരോ ചുവടുവയ്പിനും ഉഷയുടെ പിന്തുണ നിർണായക ഘടകമായി. യേൽ ലോ സ്കൂളിലെ പഠനത്തിനിടെയാണ് വാൻസിനെ ഉഷ പരിചയപ്പെട്ടത്. നിയമ ബിരുദം നേടിയതിന് പിന്നാലെ 2014ൽ ഇരുവരും വിവാഹിതരായി. ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് മക്കൾ.
സെക്കൻഡ് ലേഡി സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ, ആദ്യ ഹിന്ദു, ആദ്യ ഏഷ്യൻ-അമേരിക്കൻ വംശജ എന്നീ റെക്കാഡുകളും ഉഷയ്ക്ക് സ്വന്തമാകും. പഠനത്തിൽ മിടുക്കിയായിരുന്ന ഉഷ ധാരാളം പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നു. വാൻസുമായുള്ള വിവാഹത്തിന് മുമ്പ് ഡെമോക്രാറ്റിക് പാർട്ടിയുടെ അനുഭാവിയായിരുന്നു ഉഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |