വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റായുള്ള ഡൊണാൾഡ് ട്രംപിന്റെ മാസ് തിരിച്ചുവരവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോക രാഷ്ട്രീയ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചരിത്ര നിമിഷം. 2020 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ ട്രംപ് എന്ന ബ്രാൻഡ് തകർന്നില്ല.
തന്റെ അനുകൂലികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറിയിട്ടും പരാജയം സമ്മതിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. യു.എസ് കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങൾക്കൊടുവിൽ തിരിച്ചെത്തുമെന്ന പ്രതിജ്ഞയെടുത്താണ് ട്രംപ് തിരിച്ചിറങ്ങിയത്. പിന്നീടുള്ള നാല് വർഷത്തിനിടെ ക്രിമിനൽ കേസുകളടക്കം ട്രംപിനെ തേടിയെത്തി. യു.എസിന്റെ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച്മെന്റിന് വിധേയമായ പ്രസിഡന്റ്. ആദ്യമായി ക്രിമിനൽ വിചാരണ നേരിട്ട യു.എസ് മുൻ പ്രസിഡന്റ്... ഇതൊന്നും ട്രംപിനെ തളർത്തിയില്ല.
'മേക്ക് അമേരിക്ക, ഗ്രേറ്റ് എഗെയ്ൻ" എന്ന മുദ്രാവാക്യമുയർത്തി 2024ലെ പ്രസിഡൻഷ്യൽ പോരാട്ടത്തിന് കച്ചകെട്ടിയിറങ്ങി. ഇതിനിടെ രണ്ട് വധശ്രമത്തെ അതിജീവിച്ചത് ട്രംപിനെ ഹീറോയാക്കി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറിയിൽ ട്രംപിന്റെ തേരോട്ടമായിരുന്നു. ഏറ്റുമുട്ടാനാവില്ലെന്ന് കണ്ടതോടെ പാർട്ടിയിലെ എതിരാളികൾ ഒന്നിനു പിറകേ ഒന്നായി മത്സരത്തിൽ നിന്ന് പിൻവാങ്ങി. നിലനിൽപ്പിന് ട്രംപ് വേണമെന്ന് മനസിലാക്കിയ ചില നേതാക്കളാകട്ടെ ട്രംപിനെ വാനോളം പുകഴ്ത്തി പിന്നാലെ കൂടുകയും ചെയ്തു.
മറുവശത്താകട്ടെ, നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പ്രായാധിക്യം അടക്കമുള്ള കാരണങ്ങൾ മുൻനിറുത്തി മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ ദയനീയമായി നിർബന്ധിതനായി. വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായതോടെ ഹോളിവുഡ് സെലിബ്രിറ്റികളുടെ നീണ്ടനിര ഡെമോക്രാറ്റിക് പാളയത്തിൽ അണിനിരന്നു. സർവേ ഫലങ്ങളും കമലയെ പിന്തുണച്ചു. നവംബർ 5ലെ തിരഞ്ഞെടുപ്പിന്റെ ഫലം അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചു. ട്രംപിസം അമേരിക്കയിലാകെ കത്തിക്കയറി.
ഞാൻ ഹീറോ !
അമേരിക്ക ട്രംപിനൊപ്പം നിൽക്കാൻ കാരണങ്ങൾ നിരവധിയാണ്. സംസാരത്തിന് പകരം പ്രവർത്തിച്ചുകാട്ടുന്ന സ്വഭാവമാണ് ട്രംപിന്. തീരുമാനം നടപ്പാക്കാൻ ഏതറ്റംവരെയും പോകും. ട്രംപിന്റെ ഭരണത്തിൽ യു.എസിന്റെ സമ്പദ് വ്യവസ്ഥ മെച്ചമായിരുന്നു. എന്നാൽ ബൈഡന്റെ കാലത്ത് മറിച്ചും. കുടിയേറ്റവും കൂടി. ബൈഡൻ ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടിയ ട്രംപ് അമേരിക്കയുടെ രക്ഷകനെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ വിജയിച്ചു.
മക്ഡോണാൾഡിൽ ഭക്ഷണം വിളമ്പിയും മാലിന്യ ട്രക്കിന്റെ ഡ്രൈവറായും പ്രചാരണ രംഗത്ത് അത്ഭുതപ്പെടുത്തി. ഇതിനിടെ, ഗാസ, യുക്രെയിൻ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. യുദ്ധത്തിനെതിരായുള്ള ട്രംപിന്റെ മുൻ ഇടപെടലുകൾ ഇതോടെ ശ്രദ്ധനേടി.
മിഡിൽഈസ്റ്റ് അടക്കം വിദേശ വിഷയങ്ങൾ ബൈഡനേക്കാൾ നന്നായി ട്രംപ് കൈകാര്യം ചെയ്യുമെന്ന അഭിപ്രായം വ്യാപകമായി. ട്രംപ് നാളെ അധികാരമേൽക്കാനിരിക്കെ ഇന്ന് ഗാസയിൽ വെടിനിറുത്തൽ തുടങ്ങുമെന്നത് ഇത് അടിവരയിടുന്നു. മദ്ധ്യസ്ഥ ചർച്ചകളിൽ ട്രംപിന്റെ ടീമും പങ്കെടുത്തിരുന്നു. ഇനി യുക്രെയിനിലേക്കാണ് എല്ലാ കണ്ണുകളും.
ഓർമ്മയില്ലേ 'ഹൗഡി മോദി " ?
ട്രംപിന്റെ വരവ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദമുണ്ട് ട്രംപിന്. 2019ൽ ഹൂസ്റ്റണിൽ മോദിയും ട്രംപും പങ്കെടുത്ത 'ഹൗഡി മോദി ' പരിപാടിയും തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശനവും ഗംഭീര വിജയമായിരുന്നു.
ഒരുപക്ഷേ, ഒരു യു.എസ് പ്രസിഡന്റിന്റെ വരവ് ഇന്ത്യ ഇത്രയധികം ആഘോഷമാക്കിയത് ആദ്യമായിട്ടായിരിക്കും. ട്രംപിന്റെ രണ്ടാം വരവിൽ ഇന്ത്യ- യു.എസ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് കരുതുന്നു. ചൈനയ്ക്കെതിരെയുള്ള ട്രംപിന്റെ നയവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ (ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ) യോഗം ട്രംപ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ട്രംപിന്റെ ആദ്യ വിദേശനയ നടപടി. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ക്വാഡ് മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്രംപിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |