ശബരിമല: പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ ഇന്നു ദർശനം നടത്തി മടങ്ങുന്നതോടെ മകരവിളക്ക് ഉത്സവം സമാപിക്കും. രാവിലെ 5ന് നടതുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹ്മദത്തന്റെയും കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടക്കും. പന്തളത്തുനിന്നെത്തിയ തിരുവാഭരണസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങും. തുടർന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജ വർമ്മയുടെ ദർശനത്തിനുശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കിയശേഷം നടയടയ്ക്കും. പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോൽ കൂട്ടവും പണക്കിഴിയും കൈമാറും. ഇവ രണ്ടും മടക്കി നൽകി ശബരിമലയിലെ പൂജകൾ അടുത്ത തീർത്ഥാടനകാലംവരെ തുടരാൻ നിർദ്ദേശിച്ച് തിരുവാഭരണത്തിനൊപ്പം അദ്ദേഹം മടക്കയാത്ര ചെയ്യും. ഇന്നലെ നടയടച്ചശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്നിലായി രാജ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ മഹാഗുരുതി നടന്നു. തുടർന്ന് തീർത്ഥാടകർ നിശബ്ദരായി മലയിറങ്ങി. ഇന്ന് രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം.
നേരിട്ട് ദർശനത്തിന് ക്രമീകരണം
പതിനെട്ടാം പടികയറിയെത്തുന്നവർക്ക് മീനമാസം മുതൽ നേരിട്ട് ദർശനം നടത്താൻ ക്രമീകരണം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കൊടിമരത്തിന്റെ ഇരുവശത്തുകൂടിയും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാകും ക്രമീകരണം. മണിക്കൂറുകൾ ക്യൂവിൽ നിന്ന് എത്തുന്ന ഭക്തർക്ക് പതിനെട്ടാംപടി കയറിയശേഷം വീണ്ടും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോൾ. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവർക്ക് വടക്കേനട വഴി സന്നിധാനത്തെത്തി ദർശനം നടത്താനുള്ള ക്രമീകരണവും ഒരുക്കും. പുതിയ ക്രമീകരണം വിജയിച്ചാൽ ഫ്ലൈ ഓവർ പൊളിച്ചുമാറ്റാൻ കഴിയും. ഇതിന് തന്ത്രിയുടെയും കോടതിയുടെയും അനുമതി ആവശ്യമാണ്. ശബരിമല സ്പെഷ്യൽ കമ്മിഷണറുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |