തിരുവനന്തപുരം : പകരം ആളെത്തുന്നതുവരെ സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രാറുടെ കാലാവധി ദീർഘിപ്പിച്ച് സർക്കാർ. രജിസ്ട്രാർ ഡോ.പി.എസ്.സോനയുടെ കാലാവധി നീട്ടരുതെന്ന കൗൺസിൽ അംഗങ്ങളുടെ ആവശ്യവും ഡോ.സോന തുടരുന്നതിൽ തടസമില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ ശുപാർശയും പരിഗണിച്ചാണ് നടപടി. ഡെപ്യൂട്ടി രജിസ്ട്രാർ ഇല്ലാത്ത സാഹചര്യത്തിൽ രജിസ്ട്രാറെ മാറ്റിയാൽ കൗൺസിൽ പ്രവർത്തനം അവതാളത്തിലാകുമെന്നു വിലയിരുത്തിയാണ് കാസർകോട് നഴ്സിംഗ് കോളേജ് പ്രിൻസിപ്പലായ ഡോ.സോനയുടെ ഡെപ്യൂട്ടേഷൻ പുതിയ രജിസ്ട്രാർ എത്തുന്നത് വരെയോ മറ്റൊരാൾക്ക് ചുമതല നൽകുന്നത് വരെയോ ദീർഘിപ്പിച്ച് ഉത്തരവായത്. രജിസ്ട്രാറെ പുറത്താക്കണമെന്ന അംഗങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അവരെ പിണക്കാത്ത നടപടിയാണ് സ്വീകരിച്ചത്. രജിസ്ട്രാർക്കെതിരായ പരാതിയുമായി അംഗങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കൗൺസിലിൽ സി.പി.എം ഫ്രാക്ഷന്റെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി എന്നിവരെയും സമീപിച്ചിരുന്നു. പിന്നാലെ പാർട്ടി ഇടപെടലുമുണ്ടായി.
പകരം ആൾക്ക് ചുമതല നൽകണമെങ്കിൽ ഡെപ്യൂട്ടി രജിസ്ട്രാറെ നിയമിക്കണം. ഇത് സംബന്ധിച്ച ഫയൽ ആരോഗ്യവകുപ്പിലാണ്. ഇതോടെ ഡെപ്യൂട്ടി രജിസ്ട്രാർ നിയമനം വേഗത്തിലാക്കാൻ കൗൺസിൽ അംഗങ്ങൾ നീക്കം തുടങ്ങി. ഒന്നര വർഷത്തോളം ഒഴിഞ്ഞു കിടന്ന രജിസ്ട്രാർ സ്ഥാനത്തേക്ക് കഴിഞ്ഞ വർഷമാണ് ഡോ.സോനയെത്തിയത്. നഴ്സിംഗ് കോളേജുകളിലെ പരിശോധനയിൽ നിന്ന് അംഗങ്ങളെ ആരോഗ്യവകുപ്പ് വിലക്കിയതും അഞ്ചുവർഷത്തെ കാലാവധി പൂർത്തിയായതിന് പിന്നാലെ കൗൺസിൽ പ്രസിഡന്റ് പി.ഉഷാദേവിയെയും വൈസ് പ്രസിഡന്റ് ടി.പി.ഉഷയെയും പുറത്താക്കിയതും അംഗങ്ങളും രജിസ്ട്രാറും തമ്മിലുള്ള രൂക്ഷമായ കലഹത്തിന് വഴിയൊരുക്കി.
മാറ്റരുതെന്ന് റിട്ടേണിംഗ് ഓഫീസറും
കൗൺസിലിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിരിക്കെ രജിസ്ട്രാറെ മാറ്റുന്നത് തുടർനടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസറും സർക്കാരിന് കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് ആവശ്യമായ പണം ചെലവഴിക്കുന്നതിനായി ആരംഭിച്ച ജോയിന്റ് അക്കൗണ്ട് റിട്ടേണിംഗ് ഓഫീസറുടെയും രജിസ്ട്രാറുടെയും പേരിലാണ്.
തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരിക്കെ രജിസ്ട്രാറെ തിരക്കിട്ട് മാറ്റുന്നത് തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |