തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് വനിതകൾക്ക് വധശിക്ഷ വിധിച്ചത് ഒരേ കോടതിയും ഒരേ ജഡ്ജിയുമാണ്.പാറശാല ഷാരോൺ വധക്കേസിൽ ഇന്നലെ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീറാണ് 2023 മേയ് രണ്ടിന് വിഴിഞ്ഞത്ത് ശാന്തമ്മയെന്ന വീട്ടമ്മയെ കൊന്ന് സ്വർണഭരണം കവർന്ന കേസിൽ റഫീഖാ ബീവിക്കും വധശിക്ഷ വിധിച്ചത്. റഫീഖയുടെ മക്കളായ അൽ അമീൻ, ഷഫീക്ക് എന്നിവർക്കും വധശിക്ഷ വിധിച്ചിരുന്നു.
ജഡ്ജി എഴുത്തുകാരനും
ജഡ്ജിയാണെങ്കിലും എ.എം ബഷീർ എഴുത്തുകാരൻ കൂടിയാണ്. നോവലുകൾ, കഥാ സമാഹാരങ്ങൾ, സഞ്ചാര സഹിത്യം എന്നിവയുടെ രചയിതാവാണ്.‘ തെമിസ്’ എന്ന നോവൽ പ്രസിദ്ധമാണ്.
‘ ജെ ‘ കേസ് എന്ന കേസ് സ്റ്റഡിയും ശ്രദ്ധിക്കപ്പെട്ടു.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയാണ്. 2002-ൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആയി സർവീസിൽ പ്രവേശിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ജില്ലാ ജഡ്ജിയായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. നിയമസഭാ സെക്രട്ടറിയായിരിക്കെയാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് ജഡ്ജ് ആയി നിയമിതനായത്.കേരള ലോകയുക്ത ഉദ്യോഗസ്ഥ എസ്. സുമായാണ് ഭാര്യ. അഭിഭാഷകയായ അസ്മിൻ നയാര മകളും വിദ്യാർത്ഥിയായ
അസിം ബഷീർ മകനുമാണ്.
നാല് കേസുകളിൽ വധശിക്ഷ:
പബ്ളിക്ക് പ്രോസിക്യൂട്ടർക്കും
ഇത് അഭിമാന നിമിഷം
ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ വി.എസ് വിനീത്കുമാർ പബ്ളിക്ക് പ്രോസിക്യൂട്ടറായുള്ള കേസുകളിൽ നാലാമത്തെ വധ ശിക്ഷയാണ്.സാക്ഷി വിസ്താരത്തിലെ കൃത്യത, ക്രിമിനൽ നിയമത്തിലെ പാണ്ഡിത്യം, വാദത്തിലെ സൂക്ഷ്മത എന്നിവയാണ് വിജയത്തിലേക്ക് നയിക്കുന്നത് .നിയമത്തിൽ പി.എച്ച്.ഡിയുണ്ട്.
വെല്ലുവിളികൾ നിറഞ്ഞ ഗ്രീഷ്മ കേസിലും അദ്ദേഹത്തിന്റെ കഠിന പ്രയത്നം തന്നെയാണ് കേസ് വിജയിക്കാൻ കാരണം. വർക്കല സലിം കൊലപാതകം, ഹരിഹരവർമ്മ കൊലപാതകം, ആറ്റിങ്ങൽ ഇരട്ട കൊലപാതകം(നിനോ മാത്യു- അനുശാന്തി), കോളിയൂർ മരിയദാസൻ കൊലപാതകം തുടങ്ങിയ വിവാദമായ കേസുകളിൽ സർക്കാർ അദ്ദേഹത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.മൂന്ന് കേസുകളിൽ തുടർച്ചയായി പ്രതികൾക്ക് വധ ശിക്ഷ ഉറപ്പാക്കി.
ഭാര്യ സന്ധ്യ വിനീത് .മകൻ സനീത്കുമാർ എൻജിനീയറാണ്.രണ്ടാമത്തെ മകൻ അഭിഭാഷകനായ അഡ്വ. നവനീത് കുമാറാണ്.
`ഔദ്യോഗിക ജീവിതത്തിൽ വലിയ വെല്ലുവിളി നിറഞ്ഞ കേസായിരുന്നു ഷാരോൺ രാജ് വധക്കേസ്. വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.'
-വി.എസ് വിനീത് കുമാർ
സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |