തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്‌എഫ്‌ഐയുടെ മർദ്ദനമേറ്റെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്ന മിഥുന്റെ നേതൃത്വത്തിലാണ് വീണ്ടും വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതെന്നാണ് വിവരം. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
നേരത്തെ മർദ്ദനമേറ്റ ഭിന്നശേഷിക്കാരന്റെ സുഹൃത്തായ വിദ്യാർത്ഥിയാണ് ഇപ്പോൾ അക്രമത്തിനിരയായത്. ഇന്നുരാവിലെ രക്തദാനം ചെയ്യാൻ കോളേജിലെ വനിതാ യൂണിയൻ ചെയർപേഴ്‌സണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടുമാസം മുൻപ് രക്തം കൊടുത്തുവെന്നും അതിനാൽ ഇപ്പോൾ കഴിയില്ലെന്നും വിദ്യാർത്ഥി അറിയിച്ചതാണ് പ്രകോപനത്തിന് കാരണം.
ചെയർപേഴ്‌സൺ മോശമായി സംസാരിച്ചുവെന്നും പിന്നീട് മിഥുന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, പരാതിക്കാരനായ വിദ്യാർത്ഥി മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് ചെയർപേഴ്‌സണും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിലും കേസെടുത്തു.
ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിനായിരുന്നു ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കുനേരെ ആക്രമണമുണ്ടായത്. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസ് (19)നെ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ട് തല്ലിയിരുന്നു. അനസിന്റെ സ്വാധീന കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മർദനമെന്നാണ് അനസ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |