പൂവാർ : കടൽക്കരയിലെ മണൽപരപ്പിൽ കാൽപ്പന്തുകളിച്ച് പരിശീലനം നേടി ദേശീയ താരമായി മാറിയ സുജിനാണ് പൂവാറിന്റെ താരം. എ.എഫ്.സി കപ്പിന് മുന്നോടിയായി 24 മുതൽ 30 വരെ ഇൻഡോനേഷ്യയിൽ നടക്കുന്ന മൻഡ്രി അണ്ടർ -20 ചലഞ്ച് സീരിസിനു വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുകയാണ് പൂവാർ സ്വദേശി സുജിൻ. എസ്.എസ്.ബി.എഫ്.എ പൂവാർ ഫുട്ബാൾ അക്കാഡമിയിൽ നിന്നാണ് പരിശീലനം നേടിയത്. കഴിഞ്ഞ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിനു വേണ്ടി സൈൻ ചെയ്ത താരം യൂത്ത് ലീഗിൽ ദേശീയ തലത്തിൽ ടോപ്പ് സ്കോറർ പട്ടികയിൽ (12 ഗോൾ) ഇടംനേടി. ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സ് റിസർവ് ടീമിനുവേണ്ടി റിലയൻസ് ഡെവലപ്പ്മെന്റ് ലീഗിന്റെ സതേൺ സോൺ ചാംപ്യൻഷിപ്പിലും ടോപ്പ് സകോററായി (5 ഗോൾ). ഗോവയിൽ ഒരാഴ്ചയായി നടന്ന സെലക്ഷൻ ക്യാംപിൽ നിന്നുമാണ് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. പൂവാറിലെ ആദ്യത്തെ ദേശീയ താരം കൂടിയാണ് സുജിൻ. പൂവാർ പള്ളംപുരയിടത്തിൽ മത്സ്യത്തൊഴിലാളിയായ സുദർശൻ, ക്ളാര ദമ്പതികളുടെ മകനാണ്. ഫുട്ബാൾ പ്ലെയറായ അന്ന ഏക സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |