മുട്ടം: മുട്ടം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തൊടുപുഴയിൽ നിന്നും രണ്ടും മൂലമറ്റത്ത് നിന്നും ഒരു യൂണിറ്റും ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. പഴയ ഫയലുകൾ സൂക്ഷിച്ചിരുന്ന
റെക്കോർഡ് റൂമിനാണ് തീ പിടിച്ചത്. ബാങ്ക് കെട്ടിടത്തിന് പുറകിൽ താമസിക്കുന്ന ദിനേശ് കാമറുക് ഇല്ലം എന്ന വ്യക്തിയുടെ പുരയിടത്തിൽ കാടും പടലവും അടിച്ച് വാരി തീ ഇട്ടിരിന്നു. ഇതിൽ നിന്നും തീ പടർന്നതാകാനാണ് സാദ്ധ്യതയെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. മുറിയിൽ നിന്നും പുക ഉയർന്നതോടെ ബാങ്ക് ജീവനക്കാർ പൊലീസിനെയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മുറിയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പുകമൂലം ശ്വാസം മുട്ടൽ അനുഭവപെട്ടതിനാൽ ഉള്ളിലേക്ക് കയറാൻ കഴിഞ്ഞില്ല. തുടർന്ന് എത്തിയ ഫയർഫോഴ്സ് അധികൃതരും ഓക്സിജൻ മാസ്‌ക് ഉൾപ്പെടെ ഉപയോഗിച്ച് അകത്തേക്ക് കയറിയെങ്കിലും ശ്രമം വിജയിച്ചില്ല. ശേഷം ഫയർഫോഴ്സ് അധികൃതർ ഗോവണി ഉപയോഗിച്ച് കെട്ടിടത്തിന്റെ പുറക് വശത്ത് കയറി വെള്ളം അടിച്ച് തീ അണക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഉദ്യമത്തിൻ പങ്കാളികളായി.
പെർമനന്റ് ഫയലുകൾ സുരക്ഷിതം
തീ പിടുത്തത്തിൽ കത്തി നശിച്ചത് ഉപയോഗ ശൂന്യമായ ഫയലുകളെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പെർമനന്റ് ഫയലുകൾ, നിക്ഷേപകരുടെ ഫയലുകൾ,വായ്പ ഫയലുകൾ തുടങ്ങിയ എല്ലാ ഫയലുകളും സുരക്ഷിതമാണ്. ഉപയോഗ ശൂന്യമായ ഫയലുകൾ കഴിഞ്ഞവർഷം ജൂൺ മാസത്തിൽ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഈ മുറിയിലാണ് തീ പിടുത്തം ഉണ്ടായത്. സമീപത്തെ പുരയിടത്തിൽ പറമ്പ് അടിച്ചുവാരി തീ ഇട്ടിരുന്നു. ഇവിടെ നിന്നും തീപ്പൊരി പടർന്നതാണോ എന്ന് സംശയിക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണോ എന്നും പരിശോധിക്കും. ബാങ്ക് നിയമപ്രകാരമുള്ള പരാതി പൊലീസ് സ്റ്റേഷനിൽ നൽകി. ഉപയോഗത്തിലുള്ള ഒരു വസ്തുക്കളും കത്തി നശിച്ചിട്ടില്ല.തീ പടർന്ന മുറിയിലെ വൈദ്യുതി കേബിളുകൾ കത്തി നശിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |