കൊച്ചി: കിലോമീറ്ററുകളോളം ദൂരത്തിൽ കൊച്ചിയെ മുക്കാൻ കെൽപുള്ളതെന്ന് വിവിധ പഠനറിപ്പോർട്ടുകൾ ആവർത്തിച്ച് പറഞ്ഞ വടുതലയിലെ ബണ്ട് പൊളിക്കുന്നത് സംബന്ധിച്ച കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു. വടുതല ബണ്ടിൽ അടിഞ്ഞ എക്കലും ചെളിയും ദേശീയപാത 66 റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ എൻ.എച്ച്.എ.ഐ അധികൃതർ ആലോചിക്കുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് നിർദ്ദേശം ലഭിച്ച എൻ.എച്ച്.എ.ഐ തുടർ നടപടികളിലേക്ക് കടന്നു. വടുതല ബണ്ട് മൂലം പെരിയാറിലും വേമ്പനാട്ടുകായലിലും അടിഞ്ഞുകൂടി കിടക്കുന്ന 25, 15,670ഘനഅടിയിൽ അധികം വരുന്ന മണ്ണും ചെളിയുമാണ് റോഡ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്താനാകുക. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും ഇതിൽ ജലവിഭവവകുപ്പിനും തടസമില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കേരി) നടത്തിയ പഠനറിപ്പോർട്ടിൽ വടുതലയിലുള്ള മണ്ണിന്റെ ഘടനയും അത് എന്തിനെല്ലാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളും പറയുന്നുണ്ട്. കൃഷിക്കും കെട്ടിടനിർമ്മാണത്തിനും മറ്റ് ബണ്ടുകൾ നിർമ്മിക്കുന്നതിനുമൊന്നും ഇത് ഉപയോഗിക്കാനാകില്ല. റോഡ് നിർമ്മാണത്തിനോ ഫില്ലിംഗ് ജോലികൾക്കോ മാത്രമേ സാധിക്കൂ എന്നതാണ് കേരി റിപ്പോർട്ട്. ഈ റിപ്പോർട്ടുകൂടി അടിസ്ഥാനപ്പെടുത്തിയാണ് എൻ.എച്ച്.എ.ഐക്ക് മുന്നിൽ പദ്ധതിയെത്തിയത്.
ഈയടുത്ത് പുന്നമടക്കായലിലെയും അഷ്ടമുടിയിലെയും എക്കലും ചെളിയും ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കാൻ സർക്കാർ നേരത്തെ നിർ ദ്ദേശിച്ചിരുന്നു. നടപടികൾ അന്തിമഘട്ടത്തിലാണ്. അതേ നടപടികളാകും വടുതലയിലും സ്വീകരിക്കുകയെന്നാണ് വിവരം.
പുന്നമടയിൽ 3.50 കി.മീ നീളത്തിലും മൂന്ന് മീറ്റർ ആഴത്തിലുമാണ് മണ്ണെടുക്കാൻ സർക്കാർ അനുമതി. അഷ്ടമുടിയിൽനിന്ന് നാഷണൽ ഹൈവേക്കായി ഡ്രഡ്ജിംഗ് ആരംഭിച്ചിട്ടുമുണ്ട്.
ഹൈക്കോടതി നിർദ്ദേശം
ബണ്ട് പൊളിച്ചുനീക്കണമെന്നാവർത്തിച്ച് ഹൈക്കോടതി കഴിഞ്ഞദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ബണ്ട് പൊളിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിർദ്ദേശിച്ചത്. പെരിയാറിലെ ഒഴുക്ക് തടസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി നിർദ്ദേശം.
മണ്ണിന്റെ ഘടന പരിശോധിച്ച് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാം
ജലവിഭവവകുപ്പ് അധികൃതർ
പ്രതീക്ഷയ്ക്ക് വകനൽകുന്ന കാര്യമാണ്. എത്രയുംവേഗം നടപ്പാക്കിയാൽ അത്രയും നല്ലത്. ബന്ധപ്പെട്ട വകുപ്പുകളും എൻ.എച്ച്.എ.ഐയും വേഗത്തിൽ നടപടി സ്വീകരിക്കട്ടെ.
സന്തോഷ് ജേക്കബ്
സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |