ന്യൂഡൽഹി: വഖഫ് ബോർഡ് (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിനും ഭേദഗതികൾക്കും അംഗീകാരം നൽകി സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി). പ്രതിപക്ഷത്തിന്റെ എതിർപ്പ് തുടരുന്നതിനിടെയാണിത്. റിപ്പോർട്ട് ജെ.പി.സി അദ്ധ്യക്ഷൻ ജഗദംബികാ പാൽ ഇന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കൈമാറും. ഇതോടെ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ പുതിയ ബിൽ അവതരിപ്പിക്കാനാകും.
കളക്ടർമാർക്ക് നൽകിയ
അധികാരം കളഞ്ഞു
മാറ്റങ്ങൾ: വഖഫ് തർക്കങ്ങളിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാർക്ക് നൽകിയ അന്വേഷണാധികാരം എടുത്തുകളഞ്ഞു. അന്വേഷണത്തിന് കളക്ടറേക്കാൾ മുതിർന്ന ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിന് നിയമിക്കാം. 1995ലെ നിയമപ്രകാരം സർവേ കമ്മിഷണർമാർക്കാണ് അധികാരം.
വഖഫ് ബോർഡുകളിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തും.
ബോർഡിൽ പാണ്ഡിത്യമുള്ള ഒരാൾ അടക്കം മൂന്നുപേർ അംഗങ്ങൾ
'ഉപയോക്താവിന് അനുസരിച്ച് വഖഫ്' എന്ന വ്യവസ്ഥ നീക്കം ചെയ്യും. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ മുൻകാല അടിസ്ഥാനത്തിൽ വീണ്ടും തുറക്കില്ലെന്ന വ്യവസ്ഥ കൂട്ടിച്ചേർത്തു.
ഇന്നലെ നടന്ന ജെ.പി.സിയുടെ അവസാന സിറ്റിംഗിൽ 11നെതിരെ 15 വോട്ടുകൾക്കാണ് വഖഫ് ബോർഡ് ഭേദഗതി സംബന്ധിച്ച പുതിയ ഭേദഗതികളും റിപ്പോർട്ടും പാസാക്കിയത്. പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ആഗസ്റ്റ് എട്ടിന് രൂപീകരിച്ച സമിതി 38 സിറ്റിംഗുകളാണ് നടത്തിയത്. ബന്ധപ്പെട്ട വിഭാഗങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടിക്കാഴ്‌ചകളും നടത്തി.
തങ്ങളുടെ ഭേദഗതികൾ തള്ളിയ ശേഷം തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ സമിതിയിലെ കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ, ആം ആദ്മി പാർട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പ്രതിപക്ഷ എം.പിമാർ വിയോജിപ്പ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി വിതരണം ചെയ്ത 655 പേജുകളുള്ള റിപ്പോർട്ട് പഠിക്കാൻ മതിയായ സമയം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി. മുസ്ലിങ്ങളുടെ മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കുന്ന ബില്ല് ഭരണഘടനാ വിരുദ്ധമാണ്.
എന്നാൽ സമിതി അംഗീകരിച്ച ഭേദഗതികൾ പ്രതിപക്ഷാംഗങ്ങൾ ഉയർത്തിയ ആശങ്കകൾ പരിഹരിച്ചുകൊണ്ടാണെന്ന് ജഗദംബികാ പാൽ വിശദീകരിച്ചു. ബിൽ നിയമായാൽ വഖഫ് ബോർഡിന് സുതാര്യമായും കൂടുതൽ ഫലപ്രദമായും ചുമതലകൾ നിർവഹിക്കാൻ കഴിയും. പിന്നാക്ക മുസ്ളിം വിഭാഗമായ പസ്‌മന്ദ, ദരിദ്രർ, സ്ത്രീകൾ, അനാഥർ എന്നിവരെ വഖഫ് എൻഡോവ്‌മെന്റിന്റെ ഗുണഭോക്താക്കളായി അംഗീകരിച്ചത് പ്രധാനമാണെന്നും വ്യക്തമാക്കി. ഇന്ന് റിപ്പോർട്ട് സ്‌പീക്കർക്ക് നൽകും. പുതിയ ബിൽ എപ്പോൾ കൊണ്ടുവരണമെന്നത് സർക്കാർ തീരുമാനിക്കും.
എൻ.ഡി.എയ്‌ക്ക് ഭൂരിപക്ഷമുള്ളതിനാൽ പാർലമെന്റിൽ ബിൽ പാസാകുമായിരിക്കും. അതുണ്ടായാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും.- എ.രാജ
ഡി.എം.കെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |