തിരുവനന്തപുരം: സമാധി വിവാദത്തിന് പിന്നാലെ നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ തൽക്കാലം മരണ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് നെയ്യാറ്റിൻകര നഗരസഭ അറിയിച്ചത്. ഗോപൻ മരിച്ചതല്ല സമാധിയായതാണെന്നായിരുന്നു കുടുംബം ആദ്യം പറഞ്ഞിരുന്നത്.
ഗോപന്റെ ഇളയ മകൻ രാജസേനനാണ് മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷയുമായി കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര നഗരസഭയിലെത്തിയത്. എന്നാൽ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം അവസാനിക്കാത്തതിനാൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നഗരസഭ അധികൃതർ സ്വീകരിച്ചില്ല. പൊലീസ് റിപ്പോർട്ട് വന്നതിന് ശേഷം ഇത് സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് നഗരസഭ അധികൃതർ അറിയിച്ചത്.
കുടുംബം നൽകിയ കേസ് പരിഗണിക്കവെ ഹെെക്കോടതി ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ചോദിച്ചിരുന്നു. പക്ഷേ ഗോപൻ മരിച്ചതല്ലെന്ന നിലപാടിലായിരുന്നു അന്ന് കുടുംബം. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ. വിവാദത്തിന് പിന്നാലെ സമാധി സ്ഥലത്ത് നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വീണ്ടും സംസ്കരിച്ചിരുന്നു.
ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഹൃദയ വാൽവിൽ രണ്ട് ബ്ളോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുമുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. അസുഖങ്ങൾ മരണകാരണമായോയെന്ന് വ്യക്തമാക്കാൻ ആന്തരിക പരിശോധനാഫലം വരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |