വടകര: കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനേയും പാർട്ടി മന്ത്രിമാരേയും കടന്നാക്രമിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം. മുഖ്യമന്ത്രിയും ഇ.പി.ജയരാജനും ഇരിക്കുന്ന വേദിയിലായിരുന്നു വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ജനകീയ വിഷയങ്ങളെയെല്ലാം വിവാദങ്ങളിലാക്കിയതിൽ പ്രധാനം ഇ.പി.യുടെ നിലപാടുകളാണ്. പ്രകാശ് ജാവേദ്കറുമായി നടത്തിയ കൂടിക്കാഴ്ച പാർട്ടി പ്രവർത്തകരെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
പലപ്പോഴും നേതാക്കളിൽ നിന്ന് കിട്ടിയ മറുപടികളൊന്നും ഫലപ്രദമായിരുന്നില്ലെന്നും വിമർശനമുണ്ടായി. അതേസമയം മറുപടി പ്രസംഗത്തിൽ പിണറായി ,. ഇത്തരം വിഷയങ്ങൾ ഇ.പി.യുടെ ശ്രദ്ധയിൽ നേരത്തെ പെടുത്തിയിരുന്നെന്നും അതെല്ലാം പരിഹരിച്ചാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു.ആദ്യ ദിന ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ പാർട്ടി ഒറ്റക്കെട്ടായി നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് വിമർശനമുന്നയിച്ച പ്രതിനിധികൾ, ഇന്നലെ പാർട്ടി മന്ത്രിമാർ കൂട്ടുത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നതെന്ന് വിമർശിച്ചു. സർക്കാരിനും പാർട്ടിക്കുമെതിരെ വരുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ പാർട്ടി മന്ത്രിമാരും പല നേതാക്കന്മാരും പരാജയപ്പെടുകയാണ്. മന്ത്രിമാർ അവരുടെ വകുപ്പുമായി ബന്ധപ്പെടുന്ന പ്രശ്‌നങ്ങളുണ്ടാവുമ്പോൾ
ഓരോരുത്തരും അവരവരുടെ ഭാഗം മാത്രം സാധൂകരിച്ച് നിൽക്കുന്നു. ഇങ്ങനെ മുൻനിരയിൽ നിൽക്കുന്നവർ മൗനം പാലിക്കുമ്പോൾ പാർട്ടിയും സർക്കാരും ജനങ്ങളുടെ മുമ്പിൽ ഒറ്റപ്പെടുകയാണ്.
ന്യൂനപക്ഷ പ്രീണനം
തിരിച്ചടിയായി
പാർട്ടിയുടെ ഒരുക്കു കോട്ടയായ വടകര ലോകസഭാമണ്ഡലം തിരിച്ചുപിടിക്കാനാവാഞ്ഞത് അമിത ന്യൂനപക്ഷ പ്രീണനം മൂലമെന്നും വിമർശനം. കേന്ദ്രത്തിലെ ബി.ജെ.പിയുടെ തുടർഭരണം കാണാതിരിക്കാനാവില്ല. അതിന്റെ സ്വാധിനം വലിയ തോതിൽ കേരളത്തിലുമുണ്ടായിട്ടുണ്ട്. ലോക്സഭാതിരഞ്ഞെടുപ്പിലെ പ്രധാന അജണ്ടയാക്കി ന്യൂനപക്ഷ വേട്ടയെ പാർട്ടി എടുത്തത് ശരിയായില്ല.ഒരു വശത്ത് ന്യൂനപക്ഷ പ്രീണനം നടക്കുമ്പോൾ മറുവശത്ത് ഒലിച്ചുപോയത് ഭൂരിപക്ഷ വോട്ടുകളാണ്. പരമ്പരാഗത ഈഴവ വോട്ടുകൾ
പോലും നഷ്ടമായെന്ന് വടകര മേഖലയിലെ നേതാക്കൾ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |