ആഗോള വെല്ലുവിളികൾ വളർച്ചയെ ബാധിച്ചേക്കും
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടക്കാൻ പുതിയ തന്ത്രങ്ങൾ രൂപീകരിച്ച് കരുതലോടെ നീങ്ങണമെന്ന് സാമ്പത്തിക സർവേ. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും വിനാശം സൃഷ്‌ടിക്കുന്ന എ.ഐ സാങ്കേതികവിദ്യയും നേരിടാൻ കരുതൽ വേണമെന്നും സർവേ നിർദേശിക്കുന്നു. സ്വകാര്യ ഉപഭോഗം മന്ദഗതിയിലായെന്നും വിദേശ ഓഹരി നിക്ഷേപം, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവയുടെ ഒഴുക്കിന്റെ വേഗത കുറഞ്ഞെന്നും മുഖ്യ സാമ്പത്തിക ഉപദേശകൻ വി. അനന്ത നാഗേശ്വരൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
അധിക നിക്ഷേപം നടത്തിയും നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ സ്വകാര്യ വ്യവസായങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം നിർദേശിക്കുന്നു. 2047ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കുന്നതിന് പ്രതിവർഷം എട്ട് ശതമാനം വീതം വളർച്ച ജി.ഡി.പിയിൽ നേടണം. എന്നാൽ നടപ്പു സാമ്പത്തിക വർഷം വളർച്ച നാല് വർഷത്തെ താഴ്ന്ന നിലയായ 6.4 ശതമാനമാകുമെന്നാണ് വിലയിരുത്തുന്നത്.
സ്വകാര്യ മേഖലയിൽ തൊഴിൽ സമയം കൂട്ടണം
സ്വകാര്യ മേഖലയിൽ ജോലി സമയം കൂട്ടണമെന്ന് സാമ്പത്തിക സർവേ നിർദേശിക്കുന്നു. ജീവനക്കാരുടെ തൊഴിൽ സമയം നിയന്ത്രിക്കുന്നതിൽ മാറ്റം വേണം. ഫാക്‌ടറി, ഓവർടൈം നിയമങ്ങളിലും ഇതനുസരിച്ച് മാറ്റം വേണം. ആഴ്ചയിൽ 48 മണിക്കൂർ ജോലി സമയം നിശ്ചയിക്കുന്നതിൽ ഇളവ് നൽകണമെന്നാണ് നിർദേശം.
ആഗോളവൽക്കരണം ദുർബലമാകുന്നു
വിവിധ രാജ്യങ്ങൾ ആഭ്യന്തര വ്യാപാരങ്ങൾക്ക് സംരക്ഷണം ശക്തമാക്കുന്നതിനാൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത രാജ്യാന്തര വിപണിയിൽ ഉയർത്താൻ ദീർഘകാല നടപടികൾ വേണം. കയറ്റുമതി മേഖലയ്ക്ക് ഉണർവ് പകരാൻ വ്യാപാര ബന്ധിത ചെലവുകൾ കുറയ്ക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടി വേണം.
എ.ഐ കാലത്തെ തൊഴിലുകൾ
നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ വിനാശം സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ നൂതനമായ നയങ്ങൾ രൂപീകരിക്കണം. ആരോഗ്യം, ഗവേഷണം, വിദ്യാഭ്യാസം, ബിസിനസ്, ധനകാര്യ മേഖലകൾ എന്നിവയിൽ മനുഷ്യരേക്കാൾ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കാലമാണ് വരുന്നത്. അതിനാൽ ഈ മേഖലകളിൽ വലിയ തൊഴിൽ നഷ്‌ടമുണ്ടായേക്കാം.
സാമ്പത്തിക അടിത്തറ ശക്തം
ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണ്. ധനകാര്യ, കോർപ്പറേറ്റ് രംഗത്ത് മികച്ച വളർച്ചയുണ്ട്. സർക്കാരിന്റെ ശക്തമായ നയങ്ങളും സുസ്ഥിരമായ സ്വകാര്യ ഉപഭോഗവും ധന അച്ചടക്കവും സാമ്പത്തിക മേഖലയ്ക്ക് കരുത്താകുന്നു. അടുത്ത വർഷം നാണയപ്പെരുപ്പം കുറയും. ഗ്രാമീണ ഉപഭോഗത്തിലും മികച്ച ഉണർവ് പ്രതീക്ഷിക്കുന്നു.
വെല്ലുവിളികൾ
ആഗോളവിപണിയിലെ അനിശ്ചിതത്വങ്ങൾ
ട്രംപിന്റെ വ്യാപാര യുദ്ധം
രൂപയുടെ മൂല്യത്തകർച്ച
കയറ്റുമതിയിലെ ഇടിവ്
കാലാവസ്ഥാ മാറ്റങ്ങൾ
വളർച്ചയ്ക്ക് പ്രാമുഖ്യം
ആദായ നികുതി ഇളവുകളും അടിസ്ഥാനസൗകര്യ വികസന രംഗത്തെ അധിക നിക്ഷേപത്തിലൂടെയും വിപണിയിലെ പണലഭ്യത ഉയർത്തി ഉപഭോഗ ഉണർവ് സൃഷ്ടിക്കാനുള്ള നടപടികൾ ബഡ്ജറ്റിലുണ്ടാകുമെന്ന് ജിയോജിത് ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നു. ധനകമ്മി 5.6 ശതമാനത്തിൽ നിന്നും 4.9 ശതമാനമായി കുറയ്ക്കാനാണ് കഴിഞ്ഞ ബഡ്ജറ്റിൽ ലക്ഷ്യമിട്ടത്.
വ്യാവസായിക ഉത്പാദനം കുറഞ്ഞു
കൊച്ചി: ഡിസംബറിൽ ഇന്ത്യയുടെ മുൻനിര വ്യവസായ മേഖലകളിലെ ഉത്പാദന വളർച്ച നാല് ശതമാനമായി കുറഞ്ഞു. മുൻവർഷം എട്ട് പ്രധാന വ്യവസായ മേഖലകളിൽ 5.1 ശതമാനം ഉത്പാദന വർദ്ധന നേടിയിരുന്നു. സിമന്റ് ഉത്പാദനത്തിൽ പ്രതീക്ഷിച്ച വളർച്ച നേടാനാകാത്തതാണ് തിരിച്ചടിയായത്.
രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിൽ
ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിലെ ആശങ്കയിൽ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലെത്തി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 86.65 വരെ ഇടിഞ്ഞു. റിസർവ് ബാങ്കിന്റെ ഇടപെടലാണ് ഒരു പരിധി വരെ രൂപയെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |