ഡെറാഡൂൺ: ദേശീയ ഗെയിംസിൽ പൊൻതിളക്കമില്ലാത്ത വെള്ളിയാഴ്ച വനിതകളുടെ ബീച്ച് ഹൻഡ് ബോളിലൂടെ കേരളത്തിന് വെള്ളി വെളിച്ചം. പുരുഷൻമാരുടെ ഖോ ഖോയിൽ കേരളം ഇന്നലെ വെങ്കലവും നേടി.
വീണ്ടും വെള്ളി
വനിതകളുടെ ബീച്ച് ഹാൻഡ് ബോൾ ഫൈനൽ കഴിഞ്ഞ തവണത്തേതിന്റെ തനിയാവർത്തനമായി.
കഴിഞ്ഞ തവണയും കേരളം ഫൈനലിൽ ഹരിയാനയോട് തോൽക്കുകയായിരുന്നു.
ആദ്യ പകുതിയിൽ 22-7, രണ്ടാം പകുതിയിൽ 32-5 എന്ന സ്‌കോറിനാണ് കേരളം ഫൈനലിൽ പരാജയപ്പെട്ടത്. ഗോവയിൽ നടന്ന ദേശീയ ഗെയിംസിലും കേരളം വെള്ളി നേടിയിരുന്നു. ഹരിയാനയ ടീമിൽ എട്ട് താരങ്ങളും ഇന്ത്യൻ ഇന്റെർനാഷണൽസാണ്.
ഫൈനലൽ 'ഐശ്വര്യക്കേട്'
ഫൈനലിൽ ഗോൾ കീപ്പർ ഐശ്വര്യ ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയായി. സെമിക്ക് മുമ്പ് കഴുത്ത് വേദനയും നെഞ്ചിൽ ഇൻഫക്ഷനും കാരണം ആശുപത്രിയിലായിരുന്ന ഐശ്വര്യ സെമിയിൽ അസാമിനെതിരെ മത്സരിക്കാനെത്തിയിരുന്നു. പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ ഐശ്വര്യ രക്ഷകയായി. സെമിക്ക് ശേഷം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യയോട് മത്സരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ടീം അംഗങ്ങൾ: അൽഫോൻസ് ബിജു, ഐശ്വര്യ എസ്, ആൻസി മോൾ വിൻസന്റ്, അർച്ച സന്തോഷ്, അശ്വതി രവീന്ദ്രൻ, രേഷ്മ കൃഷ്ണ എസ്, അരുന്ധതി പ്രദീപ് കുമാർ, അക്ഷയ സുജിത്ത്, മീര കൃഷ്ണ, അഖില എസ് കുമാർ, സുജിത്ത് ആർ (പരിശീലകൻ), സുധീർ എസ്എസ് (സഹപരിശീലകൻ), റുബീന ഹുസൈൻ (മാനേജർ)
വാട്ടർപോളോയിൽ സെമിക്കരികെ
വനിതാ, പുരുഷ വിഭാഗം വാട്ടർപോളോയിൽ കേരളം സെമിക്ക് അരികെ. ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടും വിജയിച്ചാണ് കേരളം സെമി സാധ്യത സജീവമാക്കിയത്. പുരുഷ വിഭാഗം വാട്ടർപോളോയിൽ കേരളം ഹരിയാനയെ ഒന്നിനെതിരെ 16 ഗോളുകൾക്ക് പരാജയപ്പെടുത്തി. നാളെ മഹാരാഷ്‌ട്രയ്‌ക്കെതിരെയുള്ള മത്സരം മത്സരം നിർണായകമാണ്. വനിതാ വിഭാഗത്തിൽ കേരളം ഒഡിഷയെ എതിരില്ലാത്ത 15 ഗോളുകൾക്ക് പരാജയപ്പെടുത്തി. നാളെ കേരള വനിതകൾ കർണാടകയെ നേരിടും.
വുഷുവിൽ പുരുഷൻമാരുടെ തൗലോയിൽ മത്സരിച്ച മുനീർ വി 8.00 പോയിന്റ് നേടി നാലാം സ്ഥാനം നേടി.
ബാസ്ക്കറ്റ്ബോൾ സെമി ഇന്ന്
5-5 വനിതാ ബാസ്ക്കറ്റ്ബോളിൽ കേരളം സെമി ഫൈനലിൽ കർണാടകയുമായി ഏറ്റുമുട്ടും. വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
പൊൻ പ്രതീക്ഷയിൽ സാജനും ഹർഷിതയും
നീന്തലിൽ കേരളത്തിന്റെ സ്വർണ പ്രതീക്ഷയായ സാജൻ പ്രകാശും ഹർഷിത ജയറാമും ഇന്ന് വീണ്ടുമിറങ്ങും. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സാജനും 50 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ ഹർഷിതയും മത്സരിക്കും. 200 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ ഹർഷിത കഴിഞ്ഞ ദിവസം സ്വർണം നേടിയിരുന്നു. 200 മീറ്റർ ഫ്രീ സ്റ്റൈലിലും 100 മീറ്റർ ബട്ടർഫൈയിലും സാജൻ വെങ്കലം നേടിയിരുന്നു.
ഫുട്‌ബോളിൽ ഡൽഹിക്കെതിരെ
ഫുട്‌ബോളിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരളം ഡൽഹിക്കെതിരെ ഇന്ന് മത്സരിക്കും. ആദ്യ മത്സരത്തിൽ കരുത്തരായ മണിപൂരിനെ ഒരു ഗോളിന് തകർത്ത അത്മവിശ്വാസത്തിലാണ് കേരളം. വിജയിക്കുകയാണെങ്കിൽ കേരളത്തിന് സെമി യോഗ്യത ഉറപ്പിക്കാം. ജില്ലാ സ്‌പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.
വെയ്‌റ്റ് ലിഫ്‌ടിംഗിലും ബോക്സിംഗിലും ഷൂട്ടിംഗിലും കേരളത്തിന് ഇന്ന് മത്സരമുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |